1 min read

ശബരിമല അന്വേഷണം രണ്ടാംഘട്ടത്തിലേക്ക്; പോറ്റിയെയും മുരാരി ബാബുവിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തൊണ്ടിമുതലിന്റെ ഒരുഭാഗം കണ്ടെത്തിയതോടെ അന്വേഷണത്തിന്റെ രണ്ടാംഘട്ടത്തിലേക്ക് കടക്കാന്‍ എസ് ഐ ടി. ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി നടത്തിയ തെളിവെടുപ്പില്‍ 576 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തെങ്കിലും നഷ്ടപ്പെട്ട സ്വര്‍ണത്തില്‍ കണ്ടെത്താനുള്ളത് ഇനിയുമേറെ. ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലെ തെളിവെടുപ്പിന് ശേഷം ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഇന്നലെ വൈകിട്ടോടെ തിരുവനന്തപുരത്ത് തിരിച്ചെത്തിച്ചിരുന്നു. മുപ്പതാം തീയതി വരെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കസ്റ്റഡി കാലാവധി.

ഇനി ശബരിമലയില്‍ തെളിവെടുപ്പ് നടത്തിയ ശേഷം രണ്ടാംപ്രതി മുരാരി ബാബുവിനെ കസ്റ്റഡിയില്‍ വാങ്ങി ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമിരുത്തി ചോദ്യം ചെയ്യും. കണ്ടെത്തിയ സ്വര്‍ണം അടക്കം അന്വേഷണപുരോഗതി റിപ്പോര്‍ട്ടും ഉടന്‍ കോടതിയില്‍ ഹാജരാക്കും.

മൂന്ന് തവണയായി ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയില്‍ നിന്നും കൊണ്ടുപോയത്4584 ഗ്രാം സ്വര്‍ണമാണെന്നാണ് ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്. എന്നാല്‍ 2019ല്‍ തിരികെ സ്ഥാപിച്ച പാളികളില്‍ പൂശിയിരിക്കുന്നത് 900.5 ഗ്രാം മാത്രം. ഇതില്‍ തന്നെ 712 ഗ്രാം സ്വര്‍ണം ഗോവര്‍ധന്‍ ഉള്‍പ്പെട്ട വ്യക്തികള്‍ സംഭാവന നല്‍കിയതാണെന്നും കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ തൊണ്ടിയായി കണ്ടെത്തിയത് 576 ഗ്രാം സ്വര്‍ണം മാത്രമാണെന്നിരിക്കെ ബാക്കി സ്വര്‍ണത്തെക്കുറിച്ചും ദുരൂഹത തുടരുകയാണ്.

മുരാരി ബാബുവിനെയും ഉണ്ണികൃഷ്ണന്‍ പോറ്റിയേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതോടെ ഗൂഢാലോചന കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന് അന്വേഷണസംഘം കരുതുന്നു.

ഗൂഢാലോചനയിലേക്കുള്ള അന്വേഷണത്തിന്റെ ഭാഗമായി അതിനുശേഷം 2019ലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍, കമ്മീഷണര്‍ എന്‍ വാസു, ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ എന്നിവരെയും ചോദ്യം ചെയ്യും. പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്റെ കാലപ്പഴക്കം നിര്‍ണ്ണയിക്കാന്‍ ശാസ്ത്രീയ പരിശോധന വേണമോ എന്ന കാര്യവും ഉടന്‍ തീരുമാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!