
തിരുവനന്തപുരം : തെരഞ്ഞെടുപ്പ് കാലത്ത് മുഴുവൻ കെഎസ്ആർടിസി ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുമെന്ന് കോൺഗ്രസ് നൽകിയ വാഗ്ദാനം നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് ബിജെപി സംസ്ഥാനവ്യാപകമായി പ്രതിഷേധ മാർച്ചുകളും സമരപരിപാടികളും സംഘടിപ്പിച്ചു.

എല്ലാ കെഎസ്ആർടിസി ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര എന്ന വാഗ്ദാനം നൽകി അധികാരത്തിലെത്തിയ ശേഷം, സൗജന്യ യാത്രാ പദ്ധതി ഓർഡിനറി ബസുകളിൽ മാത്രമായി പരിമിതപ്പെടുത്തുകയും, 3000-ത്തിലധികം ബസുകൾ സിറ്റി ഫാസ്റ്റ്, ഫാസ്റ്റ്പാസഞ്ചർ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തതോടെ, സൗജന്യ യാത്ര ലഭിക്കുമെന്ന പ്രതീക്ഷയിൽ ഉണ്ടായിരുന്ന ആയിരക്കണക്കിന് സ്ത്രീകൾക്ക് ആ ആനുകൂല്യം നിഷേധിക്കപ്പെട്ടതായി ബിജെപി ആരോപിച്ചു. ബസുകളെ തരം തിരിക്കാതെ എല്ലാ സ്ത്രീകൾക്കും എല്ലാ കെഎസ്ആർടിസി ബസുകളിലും സൗജന്യ യാത്ര ഉറപ്പാക്കണമെന്നാണ് ബിജെപിയുടെ ആവശ്യം.

തിരുവനന്തപുരം ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നടന്ന പ്രതിഷേധ പരിപാടികൾക്ക് ബിജെപി നേതാക്കൾ നേതൃത്വം നൽകി. തിരുവനന്തപുരത്ത് നടന്ന പ്രതിഷേധ മാർച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി പൂന്തുറ ശ്രീകുമാർ, തിരുവനന്തപുരം സിറ്റി ജില്ലാ അധ്യക്ഷൻ കരമന ജയൻ എന്നിവർ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്തു. കോട്ടയം ഈസ്റ്റ് മഹിളാമോർച്ചയുടെ നേതൃത്വത്തിൽ പൊൻകുന്നം കെഎസ്ആർടിസി സ്റ്റാൻഡിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. കോഴിക്കോട് സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് മഹിളാമോർച്ച സംസ്ഥാന അധ്യക്ഷ ശ്രീമതി നവ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു.

കണ്ണൂർ നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. കോഴിക്കോട് റൂറൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ താമരശ്ശേരി കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് സംസ്ഥാന വക്താവ് അഡ്വ. വി.പി. ശ്രീപത്മനാഭൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി. ദേവദാസ്, സംസ്ഥാന മുഖ്യ വക്താവ് ടി.പി. ജയചന്ദ്രൻ, സംസ്ഥാന സമിതി അംഗങ്ങളായ വി.വി. രാജൻ, കെ. ശശീന്ദ്രൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ ഗിരീഷ് തേവള്ളി, എൻ.പി. രാമദാസ്, മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് ശ്രീമതി ബിന്ദു പ്രഭാകരൻ എന്നിവർ പങ്കെടുത്തു.

സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം പൂർണമായും നടപ്പാക്കണമെന്നും, വാക്കുപാലിക്കാത്ത യുഡിഎഫ് സർക്കാർ സ്ത്രീകളെ വഞ്ചിക്കുന്നത് അവസാനിപ്പിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. സ്ത്രീകൾക്ക് എല്ലാ വിഭാഗം കെഎസ്ആർടിസി ബസുകളിലും സൗജന്യ യാത്ര അനുവദിക്കുന്നതുവരെ ശക്തമായ ജനകീയ പ്രതിഷേധം തുടരുമെന്നും നേതാക്കൾ വ്യക്തമാക്കി.

