
ചങ്ങനാശേരി ∙ 60 ശതമാനം സ്ത്രീ യാത്രക്കാരെയും നഷ്ടപ്പെട്ടെന്നു സ്വകാര്യ ബസുടമകളുടെ കണക്കുകൂട്ടൽ. പ്രിയദർശിനി പദ്ധതി തരംഗവും ഇന്നലെ ആദ്യദിനമായതും സ്വകാര്യ ബസുകളുടെ കലക്‌ഷൻ ഇടിയാൻ കാരണമായി. ജില്ലയിലെ പ്രധാന സ്വകാര്യ ബസ് മേഖലയായ ചങ്ങനാശേരിയിലെ സ്റ്റാൻഡിലും ബസുകളിലും തിരക്കു കുറവായിരുന്നു. കോട്ടയം – തിരുവല്ല എംസി റോഡും വാഴൂർ റോഡിലൂടെയുള്ള കിഴക്കൻ മേഖലയും, പത്തനംതിട്ട ജില്ലയിലേക്കുള്ള കവിയൂർ റോഡുമാണ് സ്വകാര്യബസുകളുടെ പ്രധാന വരുമാന റൂട്ട്.

കിഴക്കൻ മേഖലയിലേക്കു കാര്യമായ രീതിയിൽ കെഎസ്ആർടിസി ഓർഡിനറി ഇല്ല. കോട്ടയം – കറുകച്ചാൽ – കോഴഞ്ചേരി റൂട്ടിൽ കെഎസ്ആർടിസി തുടർച്ചയായി സർവീസ് നടത്തുന്നുണ്ട്. ഈ റൂട്ടിൽനിന്നു കൂടുതൽ യാത്രക്കാരെ നഷ്ടപ്പെട്ടതായും സ്വകാര്യ ബസ് ഉടമകൾ കരുതുന്നു. എംസി റോഡിലൂടെ കോട്ടയം – തിരുവല്ല റൂട്ടിൽ സർവീസ് നടത്തിയ പല സ്വകാര്യ ബസുകളിലും ഇന്നലെ സ്ത്രീയാത്രക്കാരുടെ തിരക്ക് അധികം കണ്ടില്ല.

സംസ്ഥാന സർക്കാരിന്റെ ബജറ്റിൽ സ്വകാര്യ ബസ് മേഖലയ്ക്ക് അനുകൂലമായ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് ബസ് ഉടമാ സംഘടനകളുടെ പ്രതീക്ഷ. വിദ്യാർഥികളുടെ സൗജന്യയാത്രാനിരക്ക് 5 രൂപയായി വർധിപ്പിക്കുക, നികുതിഭാരം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് മുന്നോട്ടുവച്ചത്.

