Advertisement

ഇടവയിൽ യുവാവിനെ വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം


ഇടവ: ഇടവ തോട്ടുമുഖം വലിയവിള വീട്ടിൽ ഗോപാലന്റെ മകൻ സുരേഷ് (45)യെ വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് ഏകദേശം മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പ്രാഥമിക നിഗമനം.
വീട്ടിലെ കുടുംബാംഗങ്ങളും സമീപത്തെ അഞ്ചോളം കുടുംബങ്ങളും കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കിണറിലാണ് മൃതദേഹം കണ്ടെത്തിയത്.

ചൊവ്വാഴ്ച രാവിലെ സുരേഷിന്റെ സഹോദരി കിണറ്റിൽ നിന്ന് വെള്ളം കോരുന്നതിനിടെ ബക്കറ്റ് മൃതദേഹത്തിൽ തട്ടി കുടുങ്ങിയതോടെയാണ് കിണറ്റിൽ മൃതദേഹമുള്ള വിവരം പുറത്തറിയുന്നത്.
ലഭ്യമായ വിവരങ്ങൾ പ്രകാരം, ജൂലൈ 13-ന് രാവിലെ സുരേഷ് വീട്ടിലുണ്ടായിരുന്നു. തുടർന്ന് സഹോദരിയോടും പിതാവിനോടും തർക്കിച്ചതിന് ശേഷം വീട്ടിൽ നിന്ന് പുറത്തുപോയിരുന്നു. പിതാവ് നടത്തുന്ന ചായക്കടയിലേക്ക് ആവശ്യമായ പാൽ വാങ്ങി നൽകിയ ശേഷമാണ് വീട്ടിൽ നിന്ന് പോയതെന്നാണ് ബന്ധുക്കൾ പറയുന്നത്.

സുരേഷ് ഉപയോഗിച്ചിരുന്ന സ്കൂട്ടി വീടിന് സമീപത്തെ റോഡിൽ തന്നെ കണ്ടെത്തിയിട്ടുണ്ട്. മൊബൈൽ ഫോണും സമീപത്തുണ്ടായിരുന്നു.
സുരേഷ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തതാണോ, അതോ കിണറിന്റെ വക്കിലിരുന്നപ്പോൾ അബദ്ധത്തിൽ വീണതാണോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.


വിവരമറിഞ്ഞെത്തിയ ഫയർ ആൻഡ് റെസ്ക്യൂ സേന രാവിലെ 10 മണിയോടെ മൃതദേഹം കിണറ്റിൽ നിന്ന് പുറത്തെടുത്ത് പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റി.


സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതോടെ മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് പ്രതീക്ഷ.
ഇടവ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മെമ്പറും വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായ ശൈലജ എസ്. സംഭവസ്ഥലത്തെത്തി തുടർനടപടികൾക്ക് നേതൃത്വം നൽകി.
മാതാവ്: ഓമന.
ഭാര്യ: സന്ധ്യ.
മക്കൾ: ഷമീന, ഷൈജിത്ത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!