Advertisement

ഇടവയിൽ ലെവൽ ക്രോസ് ഗേറ്റിൽ ബസ് ഇടിച്ചു ; ഗതാഗതം സ്തംഭിച്ചു.

വിഡിയോ കാണാം 👇

https://www.facebook.com/share/v/1DhvNdHNYv/

വർക്കല: ഇടവ ജംഗ്ഷനിലെ ലെവൽ ക്രോസിന്റെ ഗേറ്റ് പോസ്റ്റിൽ കെഎസ്ആർടിസി ബസ് ഇടിച്ചതിനെ തുടർന്ന് ലെവൽ ക്രോസ് സംവിധാനത്തിന് തകരാർ സംഭവിക്കുകയും ഇതുവഴിയുള്ള റോഡ് ഗതാഗതം പൂർണമായും നിലയ്ക്കുകയും ചെയ്തു. നാട്ടുകാരുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് ട്രെയിൻ ഗതാഗതം സുഗമമായി.

ഇന്ന് (സെപ്റ്റംബർ 24) വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. വന്ദേഭാരത് എക്സ്പ്രസ് കടന്നുപോയതിനെ തുടർന്ന് ലെവൽ ക്രോസ് തുറന്നപ്പോൾ ഇരുഭാഗത്തുനിന്നുമുള്ള വാഹനങ്ങൾ കടന്നുപോകുന്നതിനിടെയാണ് വീണ്ടും ലെവൽ ക്രോസ് അടയ്ക്കുന്നതിനുള്ള സൈറൺ മുഴങ്ങിയത്.

ഇതിനിടെ വാഹനത്തിരക്ക് വർധിക്കുകയും ക്രോസ് കടക്കാൻ ശ്രമിച്ച കാപ്പിൽ–വർക്കല റൂട്ടിലോടുന്ന കെഎസ്ആർടിസി ബസ് ലെവൽ ക്രോസ് ഗേറ്റ് ബാർ താഴ്ത്തി ലോക്ക് ചെയ്യുന്ന സംവിധാനത്തിന്റെ പോസ്റ്റിൽ ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് മറിഞ്ഞു.

ട്രെയിൻ എത്താൻ സമയമായതിനാൽ സമീപത്തുണ്ടായിരുന്ന നാട്ടുകാർ ഉടൻ സ്ഥലത്തെത്തി ഗേറ്റ് കീപ്പറുമായി ചേർന്ന് പോസ്റ്റ് താൽക്കാലികമായി നിവർത്തി നിർത്തി. ഗേറ്റ് ബാർ അതിനുള്ളിലാക്കി കയർ ഉപയോഗിച്ച് കെട്ടിയ ശേഷമാണ് ട്രെയിൻ കടന്നുപോകുന്നതിനുള്ള സാഹചര്യം ഒരുക്കിയത്.

ഇതിനിടെ തിരുവനന്തപുരം–കൊല്ലം പാസഞ്ചർ ട്രെയിൻ ലെവൽ ക്രോസിന് സമീപമെത്തി നിർത്തി. സിഗ്നൽ സംവിധാനം ശരിയായതിനെ തുടർന്ന് ട്രെയിൻ യാത്ര തുടരുകയായിരുന്നു. ഗേറ്റ് കീപ്പർ പച്ചക്കൊടി കാണിച്ചിരുന്നെങ്കിലും സുരക്ഷ ഉറപ്പാക്കുന്നതിനായി ട്രെയിൻ ലെവൽ ക്രോസിന് സമീപം നിർത്തുകയായിരുന്നു.

പാസഞ്ചർ ട്രെയിൻ കടന്നുപോയതോടെ ട്രെയിൻ ഗതാഗതം സാധാരണ നിലയിലായി. എന്നാൽ ലെവൽ ക്രോസ് തകരാറിലായതിനാൽ ഗേറ്റ് കയർ ഉപയോഗിച്ച് താൽക്കാലികമായി കെട്ടിനിർത്തിയിരിക്കുകയാണ്. ഇതോടെ ഇരുഭാഗത്തുനിന്നുമുള്ള വാഹന ഗതാഗതം പൂർണമായും നിലച്ചു.

റെയിൽവേ എഞ്ചിനീയറിംഗ് വിഭാഗം സ്ഥലത്തെത്തി ലെവൽ ക്രോസ് സംവിധാനം പുനഃസ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. സംവിധാനം പൂർണമായും പ്രവർത്തനസജ്ജമായതിന് ശേഷമേ ഇതുവഴിയുള്ള വാഹന ഗതാഗതം പുനഃസ്ഥാപിക്കാനാകൂ. നിലവിൽ ട്രെയിൻ ഗതാഗതത്തിന് തടസ്സമില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!