Advertisement

കാപ്പിൽ കായലിൽ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് കൊല്ലം സ്വദേശിയായ അരുൺ രാജ്

വർക്കല: കാപ്പിൽ പാലത്തിന് താഴെ കായലിൽ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം തിരിച്ചറിഞ്ഞു. കൊല്ലം മയ്യനാട് മാടൻനട തെക്കേവിള ചാറ്റാറ്റൂർ തൊടിയിൽ വീട്ടിൽ അരുൺ രാജ് (31) ആണ് മരിച്ചത്. ചാത്തന്നൂർ മീനാട് ഭാഗത്ത് സഹോദരിക്കൊപ്പം വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.

കൊല്ലത്തെ ഒരു വീട്ടിൽ ഹോം നഴ്സായി ജോലിക്ക് പോകുന്നതിനായി ഇന്നലെ വൈകിട്ട് വീട്ടിൽനിന്ന് പുറപ്പെട്ട അരുൺ രാജ് ജോലിസ്ഥലത്ത് എത്തിയിരുന്നില്ല. രാത്രി വൈകിയും ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ വീട്ടുകാർ അന്വേഷണം നടത്തുകയും ചാത്തന്നൂർ പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു.

ഇതിനിടെ ഇന്ന് രാവിലെയാണ് തിരുവനന്തപുരം–കൊല്ലം തീരദേശ പാതയിലെ കാപ്പിൽ പാലത്തിന് താഴെ കായലിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രഭാത സവാരിക്കിറങ്ങിയവരാണ് മൃതദേഹം കായലിൽ പൊങ്ങിക്കിടക്കുന്നത് കണ്ടത്. തുടർന്ന് വിവരമറിയിച്ചതിനെത്തുടർന്ന് അയിരൂർ പൊലീസ് സ്ഥലത്തെത്തി.

കയാക്കിങ് തൊഴിലാളികളുടെ സഹായത്തോടെ മൃതദേഹം കരയ്ക്കെത്തിച്ച് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് അരുൺ രാജാണെന്ന് വ്യക്തമായത്. ബന്ധുക്കൾ ആശുപത്രിയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞു.

അരുൺ രാജിന് വിഷാദരോഗം ഉണ്ടായിരുന്നതായി ബന്ധുക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മരണകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ വ്യക്തമാകൂ.

നിയമനടപടികളും പോസ്റ്റ്മോർട്ടവും പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!