
ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ രണ്ട് പതിറ്റാണ്ട് മുന്‍പ് നടന്ന വിജിലന്‍സ് പ്രാഥമിക അന്വേഷണത്തിന്റെ ഫയലുകള്‍ തേടി സംസ്ഥാന ആഭ്യന്തര വകുപ്പ്. പൊതുമരാമത്ത് സെക്രട്ടറിയായി അദ്ദേഹം കേരളത്തില്‍ സേവനമനുഷ്ഠിച്ചിരുന്ന 2006ലെ കേസിന്റെ ഫയലുകളാണ് സര്‍ക്കാര്‍ തേടിയത്. വോട്ടര്‍പട്ടികയുടെ സമഗ്ര പരിഷ്‌കരണവുമായി (എസ്‌ഐആര്‍) ബന്ധപ്പെട്ട് പ്രതിപക്ഷ ഇന്ത്യ മുന്നണി ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് സര്‍ക്കാരിന്റെ നീക്കം.
മള്‍ട്ടി മില്യണ്‍ കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രൊജക്റ്റിന്റെ ഭാഗമായി എംസി റോഡ് വികസനം ഏറ്റെടുത്ത, ഇന്തോ-മലേഷ്യന്‍ കണ്‍സോര്‍ഷ്യമായ PATI-BEL-ന്റെ ചീഫ് പ്രൊജക്റ്റ് മാനേജരായിരുന്ന മലേഷ്യന്‍ പൗരന്‍ ലീ സീ ബീന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് വിജിലന്‍സ് ആന്‍ഡ് ആന്റി-കറപ്ഷന്‍ ബ്യൂറോ ഗ്യാനേഷ് കുമാറിനെതിരെ അന്വേഷണം നടത്തിയത്. കരാര്‍ തുക പാസാക്കി കിട്ടുന്നതിനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്ന് നേരിടേണ്ടി വന്ന പ്രതിസന്ധികളെത്തുടര്‍ന്ന് ലീ സീ ബീന്‍ ക്വാലാലംപൂരില്‍ വെച്ച് ജീവനൊടുക്കുകയായിരുന്നു.

ലീ സീ ബീന്‍ എഴുതിവെച്ച ആത്മഹത്യാ കുറിപ്പില്‍ 1998 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാറിന്റെ പേര് പരാമര്‍ശിച്ചിരുന്നു. പദ്ധതി നടത്തിപ്പിലെ വ്യവസ്ഥാപിത അഴിമതി ചൂണ്ടിക്കാണിച്ചുള്ള ആത്മഹത്യാ കുറിപ്പ് അന്ന് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെക്കുകയും അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് അന്വേഷണം മന്ദഗതിയിലാവുകയും നിലയ്ക്കുകയും ചെയ്തു.
പ്രാഥമിക പരിശോധനയില്‍ കേസ് സംബന്ധിച്ച പല പ്രധാന രേഖകളും കണ്ടെത്താനായിട്ടില്ലെന്നാണ് ആഭ്യന്തര വകുപ്പുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അന്ന് ക്രൈംബ്രാഞ്ചും കേസില്‍ താത്പര്യം കാണിച്ചിരുന്നെങ്കിലും അവരുടെ ഓഫീസുകളിലും ഇതുമായി ബന്ധപ്പെട്ട ഫയലുകള്‍ നിലവില്‍ ലഭ്യമായിട്ടില്ല. അതേസമയം, കേസില്‍ തുടരന്വേഷണത്തിനുള്ള സാധ്യതകള്‍ സര്‍ക്കാര്‍ തേടുന്നത് എല്‍ഡിഎഫിനെയും സിപിഎമ്മിനെയും ഒരുപോലെ പ്രതിസന്ധിയിലാക്കാന്‍ ഇടയുണ്ട്. സംഭവം നടക്കുന്ന സമയത്ത് സംസ്ഥാനത്ത് എല്‍ഡിഎഫ് ഭരണമായിരുന്നു.














Leave a Reply