Advertisement

മുഖ്യമന്ത്രിക്കെതിരെയുള്ള വിമർശനം: അടൂർ പ്രകാശിനെ തള്ളാതെ കെപിസിസി പ്രസിഡ‍ന്റ്, കോൺ​ഗ്രസിൽ പ്രതിസന്ധി രൂക്ഷം

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെയുള്ള യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ വിമർശനത്തെ തള്ളാതെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. എഐസിസിക്ക് പരാതി നൽകുമെന്നാണ് അടൂർ പ്രകാശ് പറഞ്ഞത്. അവർ അതിൽ ഉചിതമായ നടപടി സ്വീകരിക്കട്ടെ. അടൂർ പ്രകാശ് മുതിർന്ന നേതാവാണ്. എഐസിസിയാണ് അദ്ദേഹത്തെ നിയോ​ഗിച്ചത്. മുഖ്യമന്ത്രിയുമായും യുഡിഎഫ്. കൺവീനറുമായും താൻ ആശയവിനിമയം നടത്താറുണ്ട്. അടൂർ പ്രകാശിന്റെ പരാതി സംബന്ധിച്ച് താൻ കക്ഷിയല്ല. തന്റെ നിലപാട് എഐസിസിയെ അറിയിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

കോൺഗ്രസ് പ്രവർത്തകർക്കെതിരെ ബി.ജെ.പി., സി.പി.എം. പ്രവർത്തകർ മനഃപൂർവം സംഘടിത ആക്രമണം നടത്തുകയാണെന്ന് സണ്ണി ജോസഫ് ആരോപിച്ചു. കോൺഗ്രസ് ഓഫീസുകൾക്ക് നേരെ നടക്കുന്ന ആക്രമണം ബി.ജെ.പി, സി.പി.എം. നേതൃത്വത്തിന്റെ അറിവോടെയാണ്. ഇത് കേവലം കരിങ്കൊടി കാണിക്കലല്ല, മന്ത്രിയുടെ വാഹനം ആക്രമിക്കുകയാണ് ചെയ്യുന്നത്. സർക്കാർ ജനങ്ങൾക്ക് നൽകിയ വാഗ്ദാനം പാലിച്ച് ജനകീയമായി മുന്നോട്ട് പോകുകയാണ്.

സി.പി.എമ്മിന്റെ ആഭ്യന്തര പ്രശ്നങ്ങൾ, തോൽവി, കേസുകളിലെ അന്വേഷണം എന്നിവയിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് ബോധപൂർവം ആക്രമണം അഴിച്ചുവിടുന്നത്. ദേശീയ തലത്തിൽ ബി.ജെ.പി. പ്രതിരോധത്തിലാണ്. തിരഞ്ഞെടുപ്പ് പ്രക്രിയ അപകടപ്പെടുത്തുന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തെറ്റായ നടപടികൾക്കെതിരെ ദേശീയ തലത്തിൽ സമരം നടക്കുകയാണ്. ഇത് വഴിതിരിച്ചുവിടാനാണ് ശ്രമം നടക്കുന്നത്. ബി.ജെ.പി, സി.പി.എം. നേതാക്കളുടെ ഒത്താശയോടെ നടക്കുന്ന ഈ ആക്രമണം അവസാനിപ്പിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!