Advertisement

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സംസ്ഥാന സര്‍ക്കാരിന്റെയും മുഖ്യമന്ത്രി വിഡി സതീശന്റെയും പ്രവര്‍ത്തനത്തില്‍ അതൃപ്തി പരസ്യമാക്കിയ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് ഡല്‍ഹിയിലെത്തി കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി. നേരിട്ട് ഖാര്‍ഗെയെ കണ്ട് പരാതികള്‍ അറിയിച്ചോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, യെസ് എന്ന് അടൂര്‍ പ്രകാശ് മറുപടി നല്‍കി. മാധ്യമങ്ങളുടെ മറ്റ് ചോദ്യങ്ങള്‍ക്കൊന്നും അടൂര്‍ പ്രകാശ് പ്രതികരിച്ചില്ല.

സര്‍ക്കാരിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഉന്നയിച്ച പരാതികള്‍ അടങ്ങുന്ന വിശദമായ കത്ത് അടൂര്‍ പ്രകാശ് ഖാര്‍ഗെയ്ക്ക് നല്‍കിയതായാണ് റിപ്പോര്‍ട്ട്. പാര്‍ട്ടി സര്‍ക്കാര്‍ ഏകോപനമില്ലായ്മയിലെ പ്രശ്‌നങ്ങളും മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ മുഖ്യമന്ത്രി എടുത്തതായി ആരോപിക്കപ്പെടുന്ന തീരുമാനങ്ങളുമെല്ലാം രേഖപ്പെടുത്തിയ പ്രത്യേക പരാതിയാണ് കൈമാറിയതെന്നാണ് വിവരം. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയെയും അടൂര്‍ പ്രകാശ് കണ്ടു.

ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ കാണാനും അടൂര്‍ പ്രകാശ് സമയം തേടിയതായാണ് സൂചന. നാളെ രാഹുല്‍ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനായി എംകെ മുനിര്‍, ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി ജി ദേവരാജന്‍ എന്നിവരുടെ നിയമനത്തിന് പിന്നാലെയാണ് അടൂര്‍ പ്രകാശ് മുഖ്യമന്ത്രിക്കെതിരെ പരസ്യമായി രംഗത്തു വന്നത്. പ്രധാനപ്പെട്ട സര്‍ക്കാര്‍ തീരുമാനങ്ങള്‍ പലതും മുന്നണി കണ്‍വീനറായ താന്‍ ‘മാധ്യമങ്ങളിലൂടെയാണ് അറിയുന്നത്’ എന്നും അടൂര്‍ പ്രകാശ് തുറന്നടിച്ചിരുന്നു. യുഡിഎഫ് ഏകോപന സമിതി യോഗങ്ങള്‍ കൃത്യമായി വിളിച്ചുചേര്‍ക്കാന്‍ മുഖ്യമന്ത്രി മുന്‍കൈ എടുത്തിട്ടില്ലെന്നും ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!