Advertisement

‘ക്യാമ്പസ് ഫ്ലിക്സ്’ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി പി.സി. വിഷ്ണുനാഥ് നിർവഹിച്ചു

കേരള സർക്കാരിന്റെ 100 ദിന കർമ്മപദ്ധതിയുടെ ഭാഗമായി കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ‘ക്യാമ്പസ് ഫ്ലിക്സ്’ ക്ലാസിക് സിനിമാ പ്രദർശന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം സാംസ്കാരിക, ടൂറിസം വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് നിർവഹിച്ചു. തിരുവനന്തപുരം ഗവ. വനിതാ കോളേജിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര അക്കാദമി ചെയർപേഴ്സൺ രവീന്ദ്രൻ അധ്യക്ഷത വഹിക്കുകയും പ്രോജക്റ്റ് അവതരണം നടത്തുകയും ചെയ്തു.

കോളേജ് വിദ്യാർത്ഥികൾക്ക് മികച്ച സിനിമകൾ കാണാൻ അവസരമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷധ്യമെന്ന് മന്ത്രി പറഞ്ഞു. വരാനിരിക്കുന്ന വിവിധ കോളേജുകളിലെ ക്ലാസിക് സിനിമാ പ്രദർശനങ്ങളിൽ നടന്മാരായ മോഹൻലാലും മമ്മൂട്ടിയും ചലച്ചിത്രരംഗത്തെ മറ്റ് പ്രമുഖരും പങ്കാളികളാകുമെന്നും അദ്ദേഹം അറിയിച്ചു. രാജ്യാന്തര ചലച്ചിത്രമേളയിലെ (IFFK) തന്റെ ഓർമ്മകളും ‘ടർട്ടിൽസ് കാൻ ഫ്ലൈ’, ‘ഗെറ്റിംഗ് ഹോം’ തുടങ്ങിയ ലോകോത്തര ചിത്രങ്ങളുടെ അനുഭവം മന്ത്രി പങ്കുവെച്ചു.

ചടങ്ങിൽ കോളേജുകളിലെ ഫിലിം ക്ലബുകളുടെ രൂപീകരണ ഉദ്ഘാടനം ക്ലാപ്പ് ബോർഡ് അടിച്ചുകൊണ്ട് അക്കാദമി ചെയർപേഴ്സൺ രവീന്ദ്രൻ നിർവഹിച്ചു. സംസ്ഥാ സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് സംഗീത് പ്രതാപ്, ദേശീയ-സംസ്ഥാന പുരസ്കാര ജേതാവായ സംവിധായകൻ ഫാസിൽ മുഹമ്മദ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ഒരുമിച്ചിരുന്ന് സിനിമ കാണുന്നതാണ് തന്നിൽ സിനിമാ പ്രേമം വളർത്തിയതെന്നും ലോകസിനിമകൾ കാണുന്നത് നല്ല മനുഷ്യനാകാനും വികാരങ്ങളെ തിരിച്ചറിയാനും സഹായിക്കുമെന്നും സംഗീത് പ്രതാപ് പറഞ്ഞു. സാധാരണക്കാരായ സ്ത്രീകളാണ് തന്റെ സിനിമ സാക്ഷാത്കരിക്കാൻ സഹായിച്ചതെന്ന് സംവിധായകൻ ഫാസിൽ മുഹമ്മദ് വ്യക്തമാക്കി.

സാംസ്കാരിക വകുപ്പ് ഡയറക്ടർ ഡോ. കെ. ഇമ്പശേഖർ ഐ.എ.എസ് സ്വാഗതം ആശംസിച്ചു. കൗൺസിലർ രാഖി രവികുമാർ, സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർപേഴ്സൺ എം. രഞ്ജിത്ത്, ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗങ്ങളായ ബി. രാകേഷ്, സാബു ശങ്കർ, കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ചിത്ര ടി. നായർ എന്നിവർ ആശംസകൾ നേർന്നു. ചലച്ചിത്ര അക്കാദമി സെക്രട്ടറി-ഇൻ-ചാർജ് സജിത് സി.സി. നന്ദി പറഞ്ഞു.

ഉദ്ഘാടന ചടങ്ങിന് ശേഷം അവാർഡ് നേടിയ ‘ഫെമിനിച്ചി ഫാത്തിമ’ എന്ന ചിത്രം പ്രദർശിപ്പിച്ചു. തുടർന്ന് സംവിധായകൻ ഫാസിൽ മുഹമ്മദുമായി വിദ്യാർത്ഥിനികൾ സംവാദത്തിൽ ഏർപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!