തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത നൈപുണ്യ വികസന-ഉപജീവന പദ്ധതിയായ ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന (DDU-GKY 2.0) സൗജന്യ കോഴ്സുകളിലേക്കുള്ള രജിസ്ട്രേഷൻ മൊബിലൈസേഷൻ ക്യാമ്പ് ഒക്ടോബർ 10 ശനിയാഴ്ച നടക്കും. കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ പോത്തൻകോട് സി.ഡി.എസ് ഓഫീസിൽ വച്ച് രാവിലെ 10:00 മണി മുതൽ ഉച്ചയ്ക്ക് 1:00 മണി വരെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

ഹെൽത്ത്കെയർ, ടൂറിസം & ഹോസ്പിറ്റാലിറ്റി, ഐ.ടി & ഐ.ടി.ഇ.എസ്, ഏവിയേഷൻ, ഇലക്ട്രോണിക്സ്, ലൊജിസ്റ്റിക്സ്, അപ്പാരൽ, ഇൻസ്ട്രുമെന്റേഷൻ, ബാങ്കിംഗ് & ഫിനാൻഷ്യൽ സർവീസസ്, അയൺ ആൻഡ് സ്റ്റീൽ ഉൾപ്പെടെ തൊഴിൽ സാധ്യതയേറിയ 12-ലധികം പ്രമുഖ മേഖലകളിലെ കോഴ്സുകളിലേക്കാണ് അവസരം.

പഠനം, താമസം, ഭക്ഷണം, യൂണിഫോം, പഠന സാമഗ്രികൾ എന്നിവ പൂർണ്ണമായും സൗജന്യമാണ്. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര സർക്കാർ അംഗീകൃത സെക്ടർ സ്കിൽ കൗൺസിൽ സർട്ടിഫിക്കറ്റും സൗജന്യ പ്ലേസ്മെന്റ് സഹായവും ലഭിക്കും.
യോഗ്യതയും പ്രായപരിധിയും:
ഗ്രാമീണ മേഖലയിലെ 18-നും 35-നും ഇടയിൽ പ്രായമുള്ള യുവതീയുവാക്കൾക്ക് അപേക്ഷിക്കാം. പട്ടികജാതി/പട്ടികവർഗ്ഗം (SC/ST), ഭിന്നശേഷിക്കാർ എന്നിവർക്ക് അപ്പർ ഏജ് ലിമിറ്റിൽ 45 വയസ്സ് വരെ ഇളവ് ലഭിക്കും.

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികളോ രക്ഷകർത്താക്കളോ ശനിയാഴ്ച രാവിലെ പോത്തൻകോട് സി.ഡി.എസ് ഓഫീസിൽ നടക്കുന്ന ക്യാമ്പിൽ നേരിട്ടെത്തി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 9744113531, 9744324071 നമ്പരിൽ ബന്ധപ്പെടുക.










Leave a Reply