Advertisement

100 ദിന കർമപദ്ധതി: 96.5 ശതമാനം ലക്ഷ്യങ്ങൾ പൂർത്തിയാക്കി; ഫയൽ അദാലത്തും വയോജന നിയമവും വരുന്നു; മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: നൂറുദിന കർമപദ്ധതി ഫലപ്രദമായി നടപ്പാക്കാനായെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. പദ്ധതിയുടെ ഭാഗമായി ലക്ഷ്യമിട്ട 588 പദ്ധതികളിൽ 568 എണ്ണം പൂർണമായി പൂർത്തിയാക്കി. ശേഷിക്കുന്ന 20 പദ്ധതികൾ വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിക്കാൻ നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

പദ്ധതികളുടെ 96.5 ശതമാനവും പൂർത്തീകരിക്കാൻ കഴിഞ്ഞു. വകുപ്പുകൾ തമ്മിലുള്ള ഏകോപനവും ഉദ്യോഗസ്ഥരുടെ പങ്കാളിത്തവും ഉറപ്പാക്കിയാണ് ലക്ഷ്യങ്ങൾ കൈവരിച്ചത്. പദ്ധതികളുടെ പുരോഗതി പൊതുജനങ്ങൾക്ക് അറിയുന്നതിനായി പ്രത്യേക പോർട്ടലും സജ്ജമാക്കിയിട്ടുണ്ട്.

ഓരോ ഫയലിനു പിന്നിലും ഓരോ ജീവിതപ്രശ്നങ്ങളുണ്ടെന്ന കാര്യം പരിഗണിച്ച് ഫയൽ നീക്കത്തിന് പുതിയ സംവിധാനം ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ‘ജനസ്പർശം’ എന്ന പേരിൽ ഒക്ടോബർ 15 മുതൽ ഡിസംബർ 31 വരെ ഫയൽ അദാലത്ത് സംഘടിപ്പിക്കും. പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കുന്നതിന്റെ ഭാഗമായി പുതിയ നിയമം കൊണ്ടുവരാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച ബില്ലിന്റെ കരടിന് മന്ത്രിസഭ അംഗീകാരം നൽകി. ലോകത്ത് ആദ്യമായാണ് ഇത്തരമൊരു വകുപ്പ് രൂപീകരിക്കുന്നതെന്നും ഇത് മറ്റ് സംസ്ഥാനങ്ങൾക്കും മാതൃകയാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവിലെ നിയമസഭാ സമ്മേളനത്തിൽ ബിൽ പാസാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!