Advertisement

സിജെപി പ്രതിഷേധവുമായി ബന്ധമില്ലെന്ന് നേഹ ബോറ; സമാധാന ബോണ്ട് നോട്ടീസിനെതിരെ ഹര്‍ജി

കോക്രോച്ച് ജനത പാര്‍ട്ടി (സിജെപി) നടത്തിയ പ്രതിഷേധ ആഹ്വാനവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (ഐസ) പ്രസിഡന്റ് നേഹ ബോറ ഡല്‍ഹി ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഒക്ടോബര്‍ 16ന് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ 10,000 രൂപയുടെ വ്യക്തിഗത ബോണ്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ നോട്ടീസിനെതിരെയാണ് അവര്‍ ഹൈക്കോടതിയെ സമീപിച്ചത്. തന്റെ ഭാഗത്തുനിന്ന് യാതൊരുവിധ സമാധാന ലംഘനമോ അക്രമത്തിന് പ്രേരിപ്പിക്കുന്ന പ്രവൃത്തികളോ ഉണ്ടായിട്ടില്ലെന്ന് നേഹ ബോറയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

ഒക്ടോബര്‍ 16ന് മണ്ടി ഹൗസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് കസ്റ്റഡിയിലായ നേഹ ബോറ അടുത്ത ദിവസം മോചിപ്പിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെ 18നാണ് സ്‌പെഷല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് (എസ്ഇഎം) 10,000 രൂപയുടെ സമാധാന ബോണ്ട് ഹാജരാക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചത്. ജന്തര്‍മന്തര്‍ പരിസരത്ത് ആവര്‍ത്തിച്ചുള്ള പ്രതിഷേധങ്ങളും, നിരോധനാജ്ഞ നിലനില്‍ക്കെ ആളുകളെ കൊണാട്ട് പ്ലേസിലേക്ക് എത്താൻ പ്രേരിപ്പിച്ചുവെന്നും ആരോപിച്ചാണ് നോട്ടീസ് നല്‍കിയിരുന്നത്.

നേഹയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല ശങ്കരനാരായണന്‍, മണ്ടി ഹൗസില്‍ എത്തി 10-15 മിനിറ്റിനുള്ളില്‍ തന്നെ അവര്‍ കസ്റ്റഡിയിലായതായി കോടതിയെ അറിയിച്ചു. സമാധാന ലംഘനം ഉള്‍പ്പെടെയുള്ള ഒരു കുറ്റകൃത്യവും അവര്‍ ചെയ്തിട്ടില്ലെന്ന് അദ്ദേഹം വാദിച്ചു. മണ്ടി ഹൗസില്‍ ഒത്തുകൂടാന്‍ ആഹ്വാനം ചെയ്തുകൊണ്ട് വന്ന സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ‘ഇന്ന് വൈകിട്ട് 5 മണിക്ക് കാണാം’ എന്ന് മാത്രമാണ് ഉണ്ടായിരുന്നതെന്നും, അതില്‍ അക്രമത്തിനോ പൊതുസമാധാനം തടസ്സപ്പെടുത്തുന്നതിനോ ഉള്ള യാതൊരു ആഹ്വാനവുമുണ്ടായിരുന്നില്ലെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.

ബിഎന്‍എസ്എസ് സെക്ഷന്‍ 163 പ്രകാരം ഡല്‍ഹിയിലെ പല ഭാഗങ്ങളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും, പൊതുപ്രവര്‍ത്തകയും ഐസ പ്രസിഡന്റുമായ നേഹ ബോറ സമാധാനപരമായാണ് എല്ലാ പ്രവര്‍ത്തനങ്ങളിലും പങ്കെടുത്തതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. കേസ് കോടതിയുടെ പരിഗണനയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!