1 min read

തൊടുപുഴയിൽ ഓടയിൽ വീണ് യുവാവ് മരിച്ച സംഭവം: സ്ലാബുകൾ നീക്കം ചെയ്തത് ന​ഗരസഭയെന്ന് പിഡബ്ല്യുഡി റിപ്പോർട്ട്

ഇടുക്കി തൊടുപുഴയിൽ ഓടയിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ നഗരസഭയെ പഴി ചാരി പൊതുമരാമത്ത് വകുപ്പിൻ്റെ റിപ്പോർട്ട്. വെള്ളക്കെട്ട് ഒഴിവാക്കാൻ സ്ലാബുകൾ നീക്കം ചെയ്തത് ന​ഗരസഭയാണെന്നും തിരികെ സ്ഥാപിക്കണമെന്ന് പല തവണ ആവശ്യപ്പെട്ടിട്ടും നഗരസഭ ചെയ്തില്ലെന്നുമാണ് പിഡബ്ല്യുഡി റിപ്പോർട്ടിൽ പറയുന്നത്. അപകടം ആവർത്തിക്കാതിരിക്കാൻ സ്ലാബുകൾ പുന:സ്ഥാപിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ ദിവസമാണ് മൂടാതെ കിടന്ന ഓടയിൽ വീണ് ജെയിംസ് ബെന്നി എന്ന 27കാരൻ മരിച്ചത്. അപകടാവസ്ഥയിലുള്ള കലുങ്ക് പുതുക്കിപ്പണിയണമെന്ന് കാലങ്ങളായി പരാതി നൽകിയിട്ടും പിഡബ്ല്യുഡി അധികൃതർ കണ്ട ഭാവം നടിച്ചില്ലെന്നായിരുന്നു നാട്ടുകാരുടെ പരാതി. എന്നാൽ, ​ന​ഗരസഭയെ പഴിചാരിക്കൊണ്ടാണ് പൊതുമരാമത്ത് വകുപ്പിൻ്റെ റിപ്പോർട്ട് വന്നിരിക്കുന്നത്. വെള്ളക്കെട്ട് ഒഴിവാക്കാൻ സ്ലാബുകൾ നീക്കം ചെയ്തത് ന​ഗരസഭയാണെന്നും ജെസിബി ഉപയോഗിച്ച് മാറ്റിയതിലൂടെ ഇവ തിരികെ സ്ഥാപിക്കാൻ കഴിയാത്ത സ്ഥിതിയായെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. തിരികെ സ്ഥാപിക്കണമെന്ന് പല തവണ ആവശ്യപ്പെട്ടിട്ടും നഗരസഭ ചെയ്തില്ല. അപകടം ആവർത്തിക്കാതിരിക്കാൻ സ്ലാബുകൾ പുന:സ്ഥാപിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

ചെറുതും വലുതുമായി നിരവധി അപകടങ്ങളാണ് ഇവിടെ നേരത്തെയുണ്ടായിട്ടുള്ളത്. വളവിനോട് ചേർന്നുള്ള ഈ ഭാഗത്ത് അപകട കെണിയുണ്ടെന്ന മുന്നറിയിപ്പ് ബോർഡോ, തെളിച്ചം ഉള്ള വഴി വിളക്കോ ഇല്ല. കഴിഞ്ഞദിവസം രാത്രി ഇരുചക്ര വാഹനത്തിൽ വീട്ടിലേക്ക് മടങ്ങും വഴിയാണ് വളവിൽ നിയന്ത്രണം വിട്ട് ജെയിംസ് ബെന്നി കലുങ്കിലേക്ക് പതിച്ചത്. ഗുരുതര പരിക്കേറ്റ് ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴേക്കും ജീവൻ നഷ്ടമാകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!