ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനത്ത് നിന്ന് ഗീനാ കുമാരിയെ നീക്കി
1 min read

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനത്ത് നിന്ന് ഗീനാ കുമാരിയെ നീക്കി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സർക്കാരിന്റെ നിർണായക ഇടപെടൽ. കേസിൽ പൊലീസ് റിപ്പോർട്ടിന് വിരുദ്ധമായി കോടതിയിൽ നിലപാട് സ്വീകരിച്ച തിരുവനന്തപുരം ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ ഗീനാ കുമാരിയെ സർക്കാർ സ്ഥാനത്ത് നിന്ന് നീക്കി. പകരം എ. സന്തോഷ് കുമാറിനെ കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു. കേസിലെ ഒമ്പതാം പ്രതിയായ ഹരീഷിന് ജാമ്യം ലഭിക്കാൻ പ്രോസിക്യൂട്ടറുടെ നിലപാട് കാരണമായെന്ന വിലയിരുത്തലിനെ തുടർന്നാണ് സർക്കാരിന്റെ നടപടി.

ഹരീഷിന് ജാമ്യം നൽകിയതിനെതിരെ ഹൈക്കോടതിയിൽ സമർപ്പിക്കുന്ന അപ്പീലിൽ ഗീനാ കുമാരിയെ എതിർകക്ഷിയാക്കാനുമുള്ള അസാധാരണ നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായി. ഗീനാ കുമാരിയെ നീക്കിയ ഒഴിവിലേക്ക് അഡീഷണൽ ഗവൺമെന്റ് പ്ലീഡർ എൻ.ആർ ഷാജിക്ക് പകരം ചുമതല നൽകിയിട്ടുണ്ട്. കേസ് അന്വേഷിക്കുന്ന മ്യൂസിയം എസ്എച്ച്ഒ, കൊച്ചിയിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഈ നടപടികൾ വേഗത്തിലായത്.

പുതിയതായി നിയമിതനായ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ.സന്തോഷ് കുമാർ നാളെ തിരുവനന്തപുരം ജില്ലാ കോടതിയിൽ ഹാജരാകും. കേസിൽ പ്രോസിക്യൂഷന് ഇതുവരെ വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് വിശദമായി പരിശോധിക്കുമെന്നും, അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് മറികടക്കുന്ന രീതിയിൽ കാര്യങ്ങൾ ചെയ്യുമെന്നും അദ്ദേഹം മീഡിയവണിനോട് പ്രതികരിച്ചു. ഒരു പ്രതിക്ക് ജാമ്യം ലഭിച്ചത് അന്വേഷണത്തെ ബാധിക്കുമെന്നതിൽ തർക്കമില്ല. എന്നാൽ ഒരാൾക്ക് ജാമ്യം ലഭിച്ചതുകൊണ്ട് എല്ലാ പ്രതികൾക്കും അത് ലഭിക്കണമെന്നില്ലെന്നും, പുതിയതായി വരുന്ന ജാമ്യാപേക്ഷകളെ പ്രോസിക്യൂഷൻ ശക്തമായി എതിർക്കുമെന്നും സന്തോഷ് കുമാർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!