Advertisement

‘ഇങ്ങനെയൊരു തരംതാഴ്ന്ന നേതൃത്വം എന്‍എസ്എസിന് വേണോ?’; നേതൃത്വത്തിനെതിരെ തുറന്നടിച്ച് ഗണേഷ് കുമാര്‍

എന്‍എസ്എസിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഇങ്ങനെയൊരു തരംതാഴ്ന്ന നേതൃത്വം എന്‍എസ്എസിന് വേണോ എന്ന് സമുദായം ചിന്തിക്കണം. മന്നത്ത് ആചാര്യന്‍ ഉണ്ടാക്കിയെടുത്ത മഹാ പ്രസ്ഥാനത്തില്‍ ഇന്ന് ഏകാധിപത്യമാണ് നടക്കുന്നതെന്നും ഗണേഷ് കുമാര്‍ കുറ്റപ്പെടുത്തി. തിരുവനന്തപുരം മന്നം ക്ലബില്‍ ഗണേഷ് കുമാര്‍ പങ്കെടുക്കുന്ന പരിപാടിക്ക് എന്‍എസ്എസ് അനുമതി നിഷേധിച്ചിരുന്നു. പിന്നാലെ പ്രസ് ക്ലബില്‍ നടന്ന ചടങ്ങിലായിരുന്നു ഗണേഷിന്റെ വിമര്‍ശനം.

തിരുവനന്തപുരം മന്നം ക്ലബ്ബില്‍ വെച്ച് നടത്താനിരുന്ന നായര്‍ സംരക്ഷണ സമിതിയുടെ ‘ദേവതാരുവിലെ ഇത്തിള്‍ക്കണ്ണികള്‍’ എന്ന പുസ്തക പ്രകാശനത്തിലെ വേദിയാണ് മാറ്റിയത്. പരിപാടിയില്‍ എന്‍എസ്എസിനെ രൂക്ഷമായി വിമര്‍ശിച്ച ഗണേഷ് കുമാര്‍, സംഘടന ചില ‘ഇത്തിള്‍ക്കണ്ണികളുടെ’ പിടിയിലാണെന്നും തുറന്നടിച്ചു. 64 വര്‍ഷമായി പിതാവ് ആര്‍ ബാലകൃഷ്ണപ്പിള്ള എന്‍എസ്എസ് പത്തനാപുരം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ആയിരുന്നുവെന്നും ജീവിച്ചിരുന്ന കാലം മുഴുവന്‍ ആര്‍ ബാലകൃഷ്ണപിള്ളയെ അപമാനിച്ചെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ‘ദേവദാരുവിലെ ഇത്തിള്‍കണ്ണികളെ സമൂഹം വെട്ടി ദൂരെ എറിയണം. ആജ്ഞാനവൃത്തിയും അവരുടെ ഇത്തിള്‍ക്കണ്ണികളുമാണ് ഇന്ന് ദേവദാരുവില്‍. മന്നത്ത് ആചാര്യന്റെ മരണാനന്തര ചടങ്ങുകളില്‍ മകനെപ്പോലെ ചടങ്ങ് നടത്താന്‍ ഭാഗ്യം ലഭിച്ചയാളാണ് എന്റെ പിതാവ്. ഇത്തിള്‍കണ്ണികള്‍ക്ക് വേണ്ടി നായര്‍ സമുദായ അംഗങ്ങള്‍ തെരുവില്‍ ഇറങ്ങരുത്. മന്നത്ത് ആചാര്യന്റെ ആത്മാവിന് ക്ഷമിക്കാനാകില്ല’, കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.

മന്നത്ത് ആചാര്യനും ശബരിമല അയ്യപ്പനും വേണ്ടി സമരം ചെയ്യുന്നത് അഭിമാനമാണ്. എന്നാല്‍ ഇത്തരം ഇത്തിള്‍ക്കണ്ണികള്‍ക്കുവേണ്ടി നായര്‍ സമുദായാംഗങ്ങള്‍ തെരുവിലിറങ്ങുന്നത് ഈ സമുദായത്തിനും അതിന്റെ മന്നത്ത് ആചാര്യനും സഹിക്കാന്‍ കഴിയാത്ത കാര്യമാണ്. എന്‍എസ്എസ്സില്‍ നടക്കുന്ന ഏറ്റവും വലിയ അഴിമതി സ്വജനപക്ഷപാതമാണ്.ഒരു കുടുംബത്തില്‍ നിന്ന് 43 പേരെ നായര്‍ സര്‍വീസ് സൊസൈറ്റിയില്‍ ജോലിക്ക് വച്ചെന്നും ആര്‍ക്കും ഇരിക്കാനാവുന്ന കസേരയല്ല എന്‍എസ്എസെന്നും അദ്ദേഹം വിമര്‍ശിച്ചു. കനക സിംഹാസനത്തില്‍ ഏത് ശുനകനുമിരിക്കാം എന്ന് തോന്നിപ്പിക്കരുതെന്നും അദ്ദേഹം അധിക്ഷേപിച്ചു. താന്‍ എന്‍എസ്എസ്സിന്റെ തെരഞ്ഞെടുത്ത അംഗമാണെന്നും ഓട് ഇളക്കി വന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!