കെഎസ്ആർടിസിക്ക് പുതിയ ബസുകൾ വാങ്ങുന്നതിനായി എംഎൽഎമാരുടെ ആസ്തി വികസന ഫണ്ട് ഉപയോഗിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. പൊതുഗതാഗത സൗകര്യം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് സർക്കാരിന്‍റെ ഈ സുപ്രധാന തീരുമാനം. ഉത്തരവ് അനുസരിച്ച് ഒരു നിയമസഭാ മണ്ഡലത്തിൽ പരമാവധി മൂന്ന് ബസുകൾ വരെ എംഎൽഎ ഫണ്ട് ഉപയോഗിച്ച് വാങ്ങാൻ അനുവാദമുണ്ട്.
ഈ ബസുകൾ അനുവദിക്കുന്ന മണ്ഡലങ്ങളിലെ യാത്രക്കാരുടെ യാത്രാവശ്യങ്ങൾക്കായിരിക്കും സർവീസുകളിൽ ആദ്യ മുൻഗണന നൽകുക. വാങ്ങാൻ ഉദ്ദേശിക്കുന്ന ബസുകളുടെ ഇരിപ്പിട ശേഷി, ബോഡി തരം, ഇന്ധന വിഭാഗം എന്നിവ കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറുമായി (സിഎംഡി) ആലോചിച്ചായിരിക്കും എംഎൽഎമാർ അന്തിമമായി തീരുമാനിക്കുക.

എംഎൽഎമാരിൽ നിന്ന് ഫണ്ട് ഉറപ്പാക്കുന്നതിനുള്ള നടപടികളും വേഗത്തിലാക്കിയിട്ടുണ്ട്. നികുതികളും രജിസ്ട്രേഷൻ ചാർജുകളും ഉൾപ്പെടെ ഒരു ബസിന് വരുന്ന ആകെ ചെലവ് വ്യക്തമാക്കുന്ന പട്ടിക സെപ്റ്റംബർ 30-നകം കെഎസ്ആർടിസി സിഎംഡി ജനപ്രതിനിധികൾക്ക് കൈമാറണം. തുടർന്ന്, ബസുകൾ വാങ്ങുന്നതിനായി തങ്ങളുടെ വിഹിതം അനുവദിച്ച് കൊണ്ടുള്ള നിർദേശം ഒക്ടോബർ 15-നകം എംഎൽഎമാർ ബന്ധപ്പെട്ട ജില്ലാ കളക്ടർമാർക്ക് സമർപ്പിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.















Leave a Reply