Advertisement

കൈക്കൂലി ആവശ്യപ്പെട്ട് ഭീഷണി; സി.പി.എം തൃക്കണ്ണാപുരം വാർഡ് കൗണ്‍സിലര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം


തിരുവനന്തപുരം : ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ഉടമയില്‍നിന്ന് 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട സി.പി.എം കൗണ്‍സിലര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. കോര്‍പറേഷന്‍ തൃക്കണ്ണാപുരം വാര്‍ഡ് കൗണ്‍സിലര്‍ അജിന്‍ എസ്. ലിനിനെതിരെയാണ് വിജിലന്‍സ് അന്വേഷണത്തിന് ആഭ്യന്തരവകുപ്പ് ഉത്തരവിട്ടത്. പണം ആവശ്യപ്പെടുന്ന ഒളികാമറ ദൃശ്യങ്ങളും ഉടമയെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തനിക്ക് പണം നല്‍കിയില്ലെങ്കില്‍ ഡി.വൈ.എഫ്.ഐക്കാരെ രംഗത്തിറക്കി കൊടികുത്തി സമരം തുടങ്ങുമെന്നുള്‍പ്പെടെയായിരുന്നു കൗണ്‍സിലറുടെ ഭീഷണി.

കോര്‍പറേഷനിലെ യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് കെ.എസ്. ശബരീനാഥന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ ഉത്തരവ്. പേയാട് സ്വദേശി സഞ്ജുവിന്റെ 19 സെന്റ് ഭൂമിയുമായി ബന്ധപ്പെട്ട കാര്യത്തിന് അജിന്‍ പണം ആവശ്യപ്പെട്ടതായാണ് പരാതി. തൃക്കണ്ണാപുരം വാര്‍ഡിലെ എം.എല്‍.എ റോഡിനോട് ചേര്‍ന്ന് സഞ്ജു 19 സെന്റ് സ്ഥലം വാങ്ങിയിരുന്നു.ഇവിടെ ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോഴാണ് കൗണ്‍സിലര്‍ അജിന്റെ ഇടപെടല്‍. 10 ലക്ഷം രൂപ കൈക്കൂലി നല്‍കിയാല്‍ സ്ഥലത്തിന് സമീപത്തുള്ള പുറമ്പോക്ക് ഭൂമി കൂടി റജിസ്റ്റര്‍ ചെയ്തു നല്‍കാമെന്നായിരുന്ന അജിന്റെ വാഗ്ദാനം. തനിക്ക് പണം നല്‍കിയശേഷമേ അവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ അനുവദിക്കൂവെന്നും തന്നോട് തര്‍ക്കിക്കാന്‍ നിന്നാല്‍ ഡി.വൈ.എഫ്. ഐക്കാരെ കൊണ്ട് സ്ഥലത്ത് കൊടികുത്തിക്കുമെന്നും കൗണ്‍സിലര്‍ ഭീഷണിപ്പെടുത്തുന്നതായാണ് ശബ്ദരേഖ.

പണം ആവശ്യപ്പെടുന്ന ദൃശ്യങ്ങളും ശബ്ദരേഖയും പുറത്തുവിട്ട പരാതിക്കാരനായ തിരുമല ഓടാംകുഴി മേലെ പുത്തന്‍ വീട്ടില്‍ എം. സഞ്ജുവും ആഭ്യന്തര വകുപ്പിന് പരാതി നല്‍കിയിരുന്നു.എന്നാല്‍ ദൃശ്യങ്ങളും ശബ്ദരേഖയും വ്യാജമാണെന്നായിരുന്നു കൗണ്‍സിലര്‍ അജിന്റെ വാദം. സംഭവം വിവാദമായതോടെ സി.പി.എം ഇയാള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും ഏരിയ കമ്മിറ്റി വിശദീകരണം തേടുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് പിന്നാലെ അജിനെതിരെ കൂടുതല്‍ കൈക്കൂലി ആരോപണങ്ങളും ഉയര്‍ന്നുവന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!