Advertisement

സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം നാളെ രാത്രി മുതല്‍ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് നാളെ രാത്രി മുതല്‍ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. ആറ് സംസ്ഥാനങ്ങളില്‍ വൈദ്യുതിക്ക് അന്വേഷിച്ചെങ്കിലും ലഭ്യത ഉറപ്പാക്കാനായില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മതിയായ വൈദ്യുതി കിട്ടിയില്ലെങ്കില്‍ നിയന്ത്രണം അനിവാര്യമാകുമെന്നും വിവിധ വഴികള്‍ തേടുന്നതായും കെഎസ്ഇബി വ്യക്തമാക്കി. ഹിമാചല്‍ വൈദ്യുതിയുടെ ഒരുമാസത്തെ കരാര്‍ രണ്ട് ദിവസത്തിനുള്ളില്‍ അവസാനിക്കാനിരിക്കെ പ്രതിസന്ധി പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് കെഎസ്ഇബി.

800 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് നിലവിലുണ്ട്. ചൂട് കനത്ത് ഉപഭോഗം കൂടിയാല്‍ രാത്രികാല വൈദ്യുതിയുടെ കുറവ് ആയിരം മെഗാവാട്ട് കടക്കും. കെഎസ്ഇബി ചെയര്‍മാന്‍ ആറ് സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയെങ്കിലും വൈദ്യുതി ലഭ്യത ഉറപ്പിക്കാനായില്ല. തത്സമയ മാര്‍ക്കറ്റില്‍ മുന്നൂറ് മെഗാവാട്ടിനോട് അടുത്ത് വാങ്ങാനുള്ള സാധ്യത തെളിയുന്നത് മാത്രമാണ് നേരിയ ആശ്വാസം.

കേന്ദ്ര വിഹിതം കൂടുതല്‍ അനുവദിക്കുന്നതിന്റെ സാധ്യത തേടുന്നതായും വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനുള്ള എല്ലാ വഴികളും അന്വേഷിക്കുന്നതായും കെഎസ്ഇബി ചെയര്‍മാന്‍ എംജി രാജമാണിക്യം അറിയിച്ചു. കൂടിയ വിലയ്ക്ക് ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള വൈദ്യുതി വാങ്ങുന്നില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ബദല്‍ മാര്‍ഗങ്ങള്‍ യാതൊന്നും നിര്‍ദേശിച്ചിട്ടില്ല. റിയല്‍ മാര്‍ക്കറ്റിലെ വൈദ്യുതി ലഭ്യതയാണ് പ്രതിസന്ധി പരിഹരിക്കാനുള്ള ഏക മാര്‍ഗം. മറ്റ് സംസ്ഥാനങ്ങളിലെ വൈദ്യുതി ആവശ്യകതയില്‍ കുറവ് വന്നാലും നിയന്ത്രണം മറികടക്കാനാവും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!