
യൂണിവേഴ്‌സിറ്റി ഹോസ്റ്റലിന് മുന്നിലെ സംഘര്‍ഷത്തില്‍ കേസെടുത്ത് പൊലീസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ മ്യൂസിയം പൊലീസ് രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്നലെ രാത്രിയോടെ തലസ്ഥാനത്തുണ്ടായ സംഘര്‍ഷം തെരുവ് യുദ്ധത്തിന് സമാനമായ സാഹചര്യമാണ് സൃഷ്ടിച്ചത്.
പൊലീസും യൂത്ത് കോണ്‍ഗ്രസും സംയുക്തമായി ആക്രമിക്കുകയായിരുന്നു എന്ന് ആരോപിച്ച് സംസ്ഥാന വ്യാപക പ്രതിഷേധത്തിന് എസ്എഫ്‌ഐ ആഹ്വാനം ചെയ്തു. സെക്രട്ടറിയേറ്റിലേക്കും ജില്ലാ പൊലീസ് ആസ്ഥാനത്തേക്കും ഇന്ന് മാര്‍ച്ച് നടത്തും. സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്. മാര്‍ച്ച് അലങ്കോലപ്പെടുത്താന്‍ എസ്എഫ്‌ഐ ബോധപൂര്‍വ്വം അക്രമം അഴിച്ചുവിട്ടു എന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെയും കെഎസ്‌യുവിന്റെയും ആരോപണം. സംഘര്‍ഷത്തില്‍ നിരവധി എസ്എഫ്‌ഐ, കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ആരംഭിച്ച രാഷ്ട്രീയ സംഘര്‍ഷങ്ങളാണ് ഒടുവില്‍ വലിയ സംഘര്‍ഷത്തില്‍ കലാശിച്ചത്. യൂത്ത് കോണ്‍ഗ്രസ് നടത്തിയ റസിസ്റ്റന്‍സ് മാര്‍ച്ചിനിടെയായിരുന്നു സംഘര്‍ഷമുണ്ടായത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണം എന്നാവശ്യപ്പെട്ടായിരുന്നു യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്. മാര്‍ച്ച് യൂണിവേഴ്‌സിറ്റി ഹോസ്റ്റലിന് മുന്നില്‍ എത്തിയതോടെയാണ് സംഘര്‍ഷങ്ങളുടെ തുടക്കം. യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ഹോസ്റ്റലില്‍ നിന്ന് കല്ലും കുപ്പിയും എറിഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നത്. എന്നാല്‍ യൂത്ത് കോണ്‍ഗ്രസുകാരാണ് പ്രകോപനം ഉണ്ടാക്കിയതെന്നാണ് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. സമരക്കാര്‍ തീപ്പന്തം അടക്കം യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലേക്ക് എറിഞ്ഞതോടെയാണ് സംഘര്‍ഷം ആരംഭിക്കുന്നത്. കോളേജ് കാമ്പസില്‍ കടന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ കോളേജില്‍ സ്ഥാപിച്ചിരുന്ന കൊടിതോരണങ്ങളും ബോര്‍ഡുകളും നശിപ്പിക്കുകയായിരുന്നു. പിന്നീട് ഇരുപക്ഷവും കല്ലേറും ഏറ്റുമുട്ടലുമായി രംഗത്തെത്തി. പിന്നാലെ സ്ഥിതി രൂക്ഷമായി. തുടര്‍ന്ന് അരമണിക്കൂര്‍ നേരത്തോളം തെരുവുയുദ്ധത്തിനാണ് തലസ്ഥാനം സാക്ഷ്യം വഹിച്ചത്.















Leave a Reply