അദാനിക്കതിരായ DRI കേസില്‍ അടിയന്തരമായി ഉത്തരവിറക്കണം- ചീഫ് ജസ്റ്റിസിനോട് 21 രാജ്യാന്തര സംഘടനകള്‍
കല്‍ക്കരി ഇടപാടുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പിനെതിരായ കേസില്‍ അടിയന്തരമായി വാദംകേട്ട് ഉത്തരവിറക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന് കത്ത്. 21 രാജ്യാന്തര സംഘടനകളാണ് കത്ത് നല്‍കിയത്. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റിലിജൻസ് ഫയല്‍ ചെയ്ത കേസില്‍ ഉടൻ വാദം കേട്ട് ഉത്തരവിറക്കണം എന്നാണ് കത്തിലെ ആവശ്യം. അദാനി ഗ്രൂപ്പ് കല്‍ക്കരി കുംഭകോണം നടത്തി വൻ ലാഭം നേടിയെന്ന ഫിനാൻഷ്യല്‍ ടൈംസ് റിപ്പോർട്ടിന് പിന്നാലെയാണ് കത്ത്. ഗുണനിലവാരമില്ലാത്ത കല്‍ക്കരി ഇൻഡൊനീഷ്യയില്‍നിന്ന് ഇറക്കുമതി ചെയ്ത് ഉയർന്ന വിലയ്ക്ക് തമിഴ്നാടിന്റെ പൊതുമേഖലാ സ്ഥാപനമായ ടാംഗെട്കോക്ക് അദാനി ഗ്രൂപ്പ് വിറ്റു എന്നായിരുന്നു ഫിനാഷ്യല്‍ ടൈംസ് റിപ്പോർട്ട്.

2011-നും 2015-നും ഇടയില്‍ ഇൻഡൊനീഷ്യയില്‍ നിന്ന് കല്‍ക്കരി ഇറക്കുമതി ചെയ്തതില്‍ തുക പെരുപ്പിച്ച് കാണിച്ചതുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പിലെ ചില കമ്ബനികള്‍ക്കെതിരെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റിലിജൻസ് അന്വേഷണം നടത്തിയിരുന്നു. 2016-ലെ ഈ കേസ് നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഈ കേസിലെ നടപടികള്‍ വേഗത്തിലാക്കാനാണ് ചീഫ് ജസ്റ്റിസിന് 21 രാജ്യാന്തര സംഘടനകള്‍ കത്ത് നല്‍കിയത്.

അദാനി ഗ്രൂപ്പ് ദീർഘകാലമായി ഇൻഡൊനീഷ്യയില്‍നിന്ന് കുറഞ്ഞ വിലയ്ക്ക് ഗുണനിലവാരം കുറഞ്ഞ കല്‍ക്കരി ഇറക്കുമതി ചെയ്ത് അത് ഉയർന്ന വിലയ്ക്ക് ഇന്ത്യയില്‍ വില്‍ക്കുന്നുവെന്ന ഫിനാഷ്യല്‍ ടൈംസ് റിപ്പോർട്ട് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അദാനി ഗ്രൂപ്പിന് ഇതിലൂടെ അമിതലാഭമാണ് ലഭിക്കുന്നതെങ്കിലും ഗുണനിലവാരമില്ലാത്ത കല്‍ക്കരി ഉണ്ടാക്കുന്ന അന്തരീക്ഷ മലിനീകരണം ഗൗരവമേറിയത് ആണെന്ന് കത്തില്‍ ആരോപിച്ചിട്ടുണ്ട്. ഇന്ത്യയില്‍ പ്രതിവർഷം രണ്ട് ദശലക്ഷം പേരാണ് വായു മലിനീകരണം കൊണ്ട് മരിക്കുന്നത്. അദാനി ഗ്രൂപ്പിന്റെ ഗുണനിലവാരം കുറഞ്ഞ കല്‍ക്കരി ഇടപാട് പരിസ്ഥിതി സംരക്ഷണം എന്ന ലക്ഷ്യത്തിന് എതിരാണെന്നും കത്തില്‍ ആരോപിച്ചിട്ടുണ്ട്.
