ഇനി നോണ്‍ എസി സ്ലീപ്പര്‍ കോച്ചിലും മൂടുപ്പുതച്ചുറങ്ങാം, ബെഡ് ഷീറ്റുകളും തലയിണകളും റെയില്‍വെ നല്‍കും
1 min read

ഇനി നോണ്‍ എസി സ്ലീപ്പര്‍ കോച്ചിലും മൂടുപ്പുതച്ചുറങ്ങാം, ബെഡ് ഷീറ്റുകളും തലയിണകളും റെയില്‍വെ നല്‍കും

നോണ്‍ എസി സ്ലീപ്പര്‍ കോച്ച് യാത്രക്കാര്‍ക്കും ഇനി പുതപ്പും തലയിണകളും റെയില്‍വെ നല്‍കും. യാത്രക്കാരുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. യാത്രക്കാര്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് ചെറിയ നിരക്ക് ഈടാക്കി ബെഡ് ഷീറ്റ്, തലയിണ എന്നിവ അനുവദിക്കുമെന്നാണ് ദക്ഷിണ റെയില്‍വെ അറിയിച്ചിരിക്കുന്നത്. നിലവില്‍, എയര്‍ കണ്ടീഷന്‍ ചെയ്ത കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് മാത്രമാണ് ഇത്തരം സൗകര്യങ്ങള്‍ ലഭ്യമാകുന്നത്. ജനുവരി 1 മുതല്‍ ദക്ഷിണ റെയില്‍വെയ്ക്ക് കീഴിലുള്ള 10 എക്‌സ്പ്രസ് ട്രെയിനുകളില്‍ പദ്ധതി അവതരിപ്പിക്കും. ഒരു ബെഡ് ഷീറ്റ്, ഒരു തലയിണ, ഒരു തലയിണ കവര്‍ എന്നിവയ്ക്ക് 50 രൂപയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ഒരു ബെഡ് ഷീറ്റിന് മാത്രം 20 രൂപയും തലയിണ അതിന്റെ കവറിനൊപ്പം 30 രൂപയുമാണ് വില.

ആദ്യഘട്ടത്തില്‍ ചെന്നൈ-മേട്ടുപ്പാളയം നീലഗിരി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, ചെന്നൈ-മംഗലാപുരം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, ചെന്നൈ എഗ്മോര്‍-മണ്ണാര്‍ഗുഡി എക്‌സ്പ്രസ്, ചെന്നൈ എഗ്മോര്‍-തിരുച്ചെന്തൂര്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, ചെന്നൈ-പാലക്കാട് എക്‌സ്പ്രസ്, എക്‌സ്പ്രസ്, ചെന്നൈ എഗ്മോര്‍-സെങ്കോട്ടൈ സിലമ്പു സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, താംബരം-നാഗര്‍കോവില്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, ചെന്നൈ-ആലപ്പുഴ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, ചെന്നൈ എഗ്മോര്‍-മംഗലാപുരം എക്‌സ്പ്രസ് എന്നിവയില്‍ ഈ സേവനം ലഭ്യമാക്കും.

പുതിയ നടപടി നോണ്‍ എസി സ്ലീപ്പര്‍ കോച്ചുകളില്‍ മണ്‍സൂണ്‍, ശൈത്യകാലങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തല്‍. 2023-24 ല്‍ ന്യൂ ഇന്നൊവേറ്റീവ് നോണ്‍-ഫെയര്‍ റവന്യൂ ഐഡിയാസ് സ്‌കീമിന് കീഴില്‍ ആണ് ഇത്തരം ഒരു ആശയം അവതരിപ്പിച്ചത്. ഇതിന്റെ പൈലറ്റ് പദ്ധതിക്ക് യാത്രക്കാരില്‍ നിന്ന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. പദ്ധതിയിലൂടെ മൂന്ന് വര്‍ഷത്തിനുള്ളില്‍ ചെന്നൈ ഡിവിഷന് ഈ സേവനം 28.27 ലക്ഷം രൂപ അധിക വരുമാനം നല്‍കുമെന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!