1 min read

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീപിടിത്തം; രോഗികളെ മാറ്റിയത് കൃത്യമായ ജീവന്‍ രക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കിയെന്ന് റിപ്പോർട്ട്

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗികള്‍ മരിച്ചതിന് കാരണം തീപിടിത്തമല്ലെന്ന് ആശുപത്രിയുടെ റിപ്പോര്‍ട്ട്. ഐസിയുവിലെ തീപിടിത്തത്തില്‍ രോഗികളെ മാറ്റിയത് കൃത്യമായ ജീവന്‍രക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കിയാണെന്നാണ് ആശുപത്രിയുടെ റിപ്പോര്‍ട്ട്. വകുപ്പ് മേധാവികള്‍ നല്‍കിയ റിപ്പോര്‍ട്ട് സൂപ്രണ്ട് ഡിഎംഇക്ക് കൈമാറി.

തീപിടിത്തമുണ്ടായ അന്നും പിറ്റേന്നുമായി മള്‍ട്ടി സ്‌പെഷ്യാലിറ്റി വിഭാഗത്തിലെ സര്‍ക്കില്‍,ട്രോമ ഐസിയുകളില്‍ റിപ്പോര്‍ട്ട് ചെയ്ത മരണങ്ങള്‍ സംബന്ധിച്ചുള്ള വിവരങ്ങളടക്കമുള്ള റിപ്പോര്‍ട്ടാണ് കൈമാറിയത്. അഞ്ച് രോഗികളുടെയും മരണത്തിന് കാരണം ഗുരുതര പരിക്കുകളെ തുടര്‍ന്ന് സ്ഥിതി വഷളായതെന്നാണ് നിഗമനം. തീപിടുത്തമുണ്ടായ ഐസിയുവിലെ വെന്റിലേറ്ററിലുണ്ടായിരുന്നവര്‍ക്ക് അമ്പ്യൂ ബാഗ് സപ്പോര്‍ട്ടും ഓക്‌സിജന്‍ സഹായവും നല്‍കിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കൂടി പരിശോധിച്ചാലേ അന്തിമ നിഗമനത്തിലേക്ക് എത്താനാകു എന്നും റിപ്പോര്‍ട്ടിലുണ്ട്.

രോഗികളെ മാറ്റുന്നതിനിടെ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ട 9 ജീവനക്കാര്‍ക്കും ചികിത്സ നല്‍കിയെന്നാണ് ന്യൂറോ സര്‍ജറി, സര്‍ജറി വിഭാഗം മേധാവിമാര്‍ സൂപ്രണ്ടിന് നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്. അതേസമയം തീപിടിത്തതിന്റെ സമയത്ത് ഓയൂര്‍ സ്വദേശി കൃഷ്ണന്‍കുട്ടിയെ ഐസിയുവിലേക്ക് മാറ്റിയതിന് ശേഷം ഓക്‌സിജന്‍ ലെവലില്‍ കുറവുണ്ടായെന്നും ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ നിയമനടപടിക്ക് ഒരുങ്ങുകയാണ് കൃഷ്ണന്‍കുട്ടിയുടെ കുടുംബം.

വാഹനാപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ ഓയൂര്‍ സ്വദേശി കൃഷ്ണന്‍കുട്ടിയുടെ ശസ്ത്രക്രിയക്ക് ശേഷം മാര്‍ച്ച് 16 ന് ഇയാളുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചിരുന്നു. എന്നാല്‍ 17 ന് രാവിലെയാണ് മെഡിക്കല്‍ കോളജ് മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ ഒന്നാംനിലയിലെ സര്‍ജിക്കല്‍ ഐസിയുവില്‍ തീപിടിത്തമുണ്ടായത്. ഇതിന് ശേഷം കൃഷ്ണന്‍കുട്ടിയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. പിന്നീട് കൃഷ്ണന്‍കുട്ടിയുടെ ഓക്‌സിജന്‍ ലെവലില്‍ മാറിയെന്നാണ് ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!