1 min read

പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍; തൃശൂരും പാലക്കാട്ടും റോഡ് ഷോ

നിയമസഭ തെരഞ്ഞെടുപ്പിന് പതിനൊന്ന് നാള്‍ മാത്രം ശേഷിക്കേ എന്‍ഡിഎ ക്യാമ്പിന് ആവേശമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. ഇന്ന് പാലക്കാടും തൃശൂരും തെരഞ്ഞെടുപ്പ് പരിപാടികളില്‍ പങ്കെടുക്കും. കോയമ്പത്തൂരില്‍ നിന്നും ഹെലിക്കോപ്റ്റര്‍ മാര്‍ഗം ഉച്ചയ്ക്ക് 2.30ന് ശേഷം പാലക്കാട് കോട്ടമൈതാനത്ത് നടക്കുന്ന എന്‍ഡിഎ തെരഞ്ഞെടുപ്പ് സമ്മേളനത്തില്‍ മോദി പങ്കെടുക്കും. തുടര്‍ന്ന് തൃശൂരിലെത്തി റോഡ് ഷോയില്‍ പങ്കെടുക്കും. വൈകിട്ട് നാലുമണിക്ക് തൃശ്ശൂര്‍ ജില്ലാ ആശുപത്രിക്ക് മുന്‍വശത്ത് നിന്ന് റോഡ് ഷോ ആരംഭിക്കും. സ്വരാജ് റൗണ്ട് വലം വെച്ച് ബിനി ഹെറിറ്റേജിന് മുന്‍വശം റോഡ് ഷോ സമാപിക്കും. ജില്ലയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.

നാലുമണിക്ക് കുട്ടനല്ലൂര്‍ ഹെലിപാഡില്‍ വന്നിറങ്ങുന്ന പ്രധാനമന്ത്രിയെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ സ്വീകരിക്കും. തുടര്‍ന്ന് റോഡ് മാര്‍ഗം ജില്ലാ ആശുപത്രി മുന്‍വശം എത്തിച്ചേരും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് കനത്ത സുരക്ഷയാണ് തൃശ്ശൂരില്‍ ഒരുക്കിയിരിക്കുന്നത്. രാവിലെ മുതല്‍ തന്നെ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടാകും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ട്രയല്‍ ടണ്‍ അടക്കം എല്ലാ സുരക്ഷാ ക്രമീകരണങ്ങളും തൃശൂരില്‍ പൂര്‍ത്തിയായി. പത്മജാ വേണുഗോപാല്‍ അടക്കം ജില്ലയിലുള്ള എല്ലാ സ്ഥാനാര്‍ത്ഥികളും റോഡ് ഷോയില്‍ പങ്കെടുക്കും.

ഏപ്രിലില്‍ പ്രധാനമന്ത്രി പാലായിലും തിരുവനന്തപുരത്തും പ്രചാരണത്തിനെത്തുന്നുണ്ട്. പാലാ, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, വൈക്കം മണ്ഡലങ്ങളുടെ തിരഞ്ഞെടുപ്പ് റാലിയാണ് പാലായില്‍ നടക്കുക. അന്ന് തിരുവനന്തപുരത്ത് റോഡ്ഷോയും നടക്കും. കേന്ദ്രമന്ത്രി അമിത്ഷാ 31ന് തിരുവനന്തപുരം ജില്ലയില്‍ തെരഞ്ഞെടുപ്പ് പരിപാടികളില്‍ പങ്കെടുക്കും. മോദിക്കും അമിത്ഷായ്ക്കും പുറമേ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നവീന്‍, കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, രാജ്നാഥ് സിങ്, എസ് ജയ്ശങ്കര്‍, ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരും കേരളത്തിലെത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!