എമേർജിങ് ഏഷ്യ കപ്പ് ട്വന്റി 20: ഇന്ത്യ എ ടീമിനെ നേരിടുന്ന യുഎഇയെ നയിക്കാൻ കോഴിക്കോട് സ്വദേശി ബാസിൽ
ഇന്ത്യ എ, പാക്കിസ്ഥാൻ എ, ഒമാൻ എന്നിവരാണ് ടൂർണമെന്റിലെ മറ്റു ടീമുകൾ.

എമേർജിങ് ഏഷ്യ കപ്പ് ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റിനുള്ള യുഎഇ ടീമിനെ മലയാളി നയിക്കും. കോഴിക്കോട് കല്ലായി സ്വദേശി ബാസിൽ ഹമീദാണ് ടീമിനെ നയിക്കുക. ആറ് വർഷമായി യുഎഇ ക്രിക്കറ്റ് ടീമിന്റെ ഭാഗമായ ബാസിൽ, 100 രാജ്യാന്തര മത്സരം കളിച്ച ആദ്യ മലയാളിയാണ്. 15 അംഗ ടീമിൽ ബാസിൽ, വിഷ്ണു സുകുമാരൻ എന്നീ രണ്ട് മലയാളികളുണ്ട്. ഇവരുൾപ്പെടെ ഒമ്പത് ഇന്ത്യക്കാരാണ് ടീമിലുള്ളത്.

ഇന്ത്യ എ, പാക്കിസ്ഥാൻ എ, ഒമാൻ എന്നിവരാണ് ടൂർണമെന്റിലെ മറ്റു ടീമുകൾ. ഗ്രൂപ്പ് ബിയിൽ അഫ്ഗാനിസ്ഥാൻ എ , ബംഗ്ലാദേശ് എ , ശ്രീലങ്ക എ , ഹോങ്കോങ് എന്നീ ടീമുകളാണുള്ളത്. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാർ സെമി ഫൈനലിന് യോഗ്യത നേടും.

ഒക്ടോബർ 19 ന് ആരംഭിക്കുന്ന ടൂർണമെന്റ് ഒക്ടോബർ 27 വരെ നീളും. അതേ സമയം തിലക് വർമയാണ് ഇന്ത്യ എ ടീമിനെ നയിക്കുന്നത്. അഭിഷേക് ശർമയാണ് ഉപനായകൻ. ഒക്ടോബർ 21 നാണ് ഇന്ത്യ എ-യുഎഇ തമ്മിലുള്ള മത്സരം.

