തലശേരി മലബാർ കാൻസർ സെന്ററില്‍ കാൻസറിനുള്ള റോബോട്ടിക് സർജറി സംവിധാനം യാഥാർഥ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കാൻസറിനുള്ള 5 റോബോട്ടിക് സർജറികള്‍ വിജയകരമായി ഇതുവരെ പൂർത്തിയായി. വൃക്ക, ഗർഭാശയം, മലാശയം എന്നിവയെ ബാധിച്ച കാൻസറുകള്‍ക്കാണ് റോബോട്ടിക് സർജറി നടത്തിയത്. തിങ്കളാഴ്ച മുതല്‍ റോബോട്ടിക് സർജറികള്‍ സാധാരണ പോലെ നടക്കും. ആർസിസിയ്ക്ക് പുറമേ എംസിസിയിലും റോബോട്ടിക് സർജറി യാഥാർഥ്യമായതോടെ സംസ്ഥാനത്ത് കാൻസർ ചികിത്സാ രംഗത്ത് മറ്റൊരു നാഴികക്കല്ല് കൂടി പിന്നിടുകയാണ്. അപ്രാപ്യമായിരുന്ന ഹൈടെക് ചികിത്സാ സങ്കേതങ്ങള്‍ സാധാരണക്കാർക്ക് ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ മുഴുവൻ ടീമിനേയും മന്ത്രി അഭിനന്ദിച്ചു. ഇന്ത്യയിലും വിദേശത്തുമുള്ള വൻകിട ആശുപത്രികളില്‍ മാത്രം ലഭ്യമായിരുന്ന റോബോട്ടിക് സർജറി യൂണിറ്റ് സർക്കാർ മേഖലയില്‍ ആദ്യമായാണ് ആരംഭിച്ചത്. ആർ.സി.സി.യിലും എം.സി.സി.യിലും റോബോട്ടിക് സർജറി സംവിധാനവും (60 കോടി), ഡിജിറ്റല്‍ പത്തോളജി മികവിന്റെ കേന്ദ്രങ്ങളും (18.87 കോടി) സജ്ജമാക്കുന്നതിന് റീബിള്‍ഡ് കേരള ഇനിഷ്യേറ്റീവിലൂടെയാണ് തുകയനുവദിച്ചിരുന്നത്. ഇതുകൂടാതെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും റോബോട്ടിക് സർജറി ആരംഭിക്കുന്നതിന് തുകയനുവദിച്ചിട്ടുണ്ട്.
മിനിമല്‍ ആക്‌സസ് ശസ്ത്രക്രിയയാണ് റോബോട്ടിക് സർജറി. ഇത് സർജിക്കല്‍ റോബോട്ടിന്റെ സഹായത്തോടു കൂടിയാണ് നടത്തുന്നത്. വിവിധ തരത്തിലുള്ള കാൻസറുകളുടെ ചികിത്സയ്ക്ക് റോബോട്ടിക് ശസ്ത്രക്രിയ ഫലപ്രദമാണ്. രോഗിയുടെ വേദന കുറയ്ക്കുക, എത്രയും വേഗം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരിക, ശസ്ത്രക്രിയയ്ക്കിടയിലുള്ള രക്തസ്രാവം നന്നായി കുറയ്ക്കാൻ സാധിക്കുക എന്നിവയൊക്കെയാണ് റോബോട്ടിക് ശസ്ത്രക്രിയയുടെ പ്രധാന ഗുണങ്ങള്‍.

















Leave a Reply