Advertisement

പുഞ്ചിരിയോടെ സൗമ്യയും വിനോദും.



വക്കം നിലയ്ക്കാമുക്ക് സ്വദേശിയായ സൗമ്യയ്ക്ക് ജന്മനാ തന്നെ കാഴ്ചപരിമിതിയുണ്ട്. ഭർത്താവ് വിനോദിന്റെ ചെറിയ വരുമാനമാണ് ഏക ജീവിത മാർഗം.  അഞ്ചു വയസ്സ് പ്രായമുള്ള ഇളയ മകൻ വൈഷ്ണവിന് വൃക്കരോഗം ബാധിച്ചതോടെ ഇവർ സങ്കട കടലിലായി.

മകൻ്റെ ചികിത്സയ്ക്കായുള്ള ആശുപത്രി തിരക്കുകൾക്കും യാത്രയ്ക്കുമിടയിൽ വിനോദിന് ജോലിക്കു പോകാൻ സാധിക്കാതെയായതോടെ കുടുംബം പരുങ്ങലിലായി. മൂത്തമകൻ വിഷ്ണുവിൻ്റെ വിദ്യാഭ്യാസത്തിനും തടസ്സം വന്നു. സുഹൃത്തുക്കളുടെ സഹായത്തോടെ വിഷ്ണുവിനെ ബോർഡിങ് സ്കൂളിൽ നിർത്തി പഠിപ്പിക്കുകയാണിപ്പോൾ.

കുടുംബ കാർഡിൽ നിന്നും മാറ്റി അന്ത്യോദയ അന്നയോജന കാർഡ് അനുവദിക്കണമെന്ന ആവശ്യവുമായിട്ടാണ് സൗമ്യയും കുടുംബവും അദാലത്തിൽ എത്തിയത്.

നിരാലംബരായ ഇവരുടെ സങ്കടം കേട്ട മന്ത്രി ജി ആർ അനിൽ വേഗത്തിൽ നടപടി എടുക്കാൻ നിർദ്ദേശം നൽകി. അദാലത്തിൽ വച്ചുതന്നെ സൗമ്യയ്ക്ക് മന്ത്രി എ എ വൈ റേഷൻ കാർഡ് കൈമാറുകയും ചെയ്തു.

ജീവിത സങ്കടങ്ങൾക്കിടയിൽ ലഭിച്ച സർക്കാരിൻ്റെ കൈത്താങ്ങിൽ ആശ്വാസം കൊള്ളുകയാണ് സൗമ്യ. കരുതലും കൈത്താങ്ങും വേദിയിൽ നിന്ന് ആശ്വാസത്തിൻ്റെ പുഞ്ചിരിയുമായി മടങ്ങുന്ന ആയിരങ്ങളിൽ ഒരാളായിരുന്നു സൗമ്യയും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!