തിരുവനന്തപുരം: സംസ്ഥാനത്തെ പ്രമേഹ രോഗികളുടെ എണ്ണം പകുതിയായി കുറയ്ക്കുകയെന്ന എന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യ വകുപ്പ് പ്രവർത്തിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.

പ്രമേഹ തലസ്ഥാനമാണ് കേരളം എന്നത് ഘട്ടം ഘട്ടമായി മാറ്റിയെടുക്കാനുള്ള പ്രവർത്തനങ്ങളാണ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്. രോഗാതുരത കുറഞ്ഞ, പ്രമേഹം ഉൾപ്പെടെയുള്ള ജീവിതശൈലി രോഗങ്ങൾ കുറഞ്ഞ സംസ്ഥാനമാക്കി മാറ്റാനാണ് പരിശ്രമം.

ആയുർദൈർഘ്യം കൂടുതലുള്ള കേരളത്തിൽ ജീവിക്കുന്ന കാലം വരെ ജീവിത ഗുണനിലവാരം ഉറപ്പുവരുത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ആ പ്രവർത്തനങ്ങൾ ക്രോഡീകരിക്കാനാണ് അന്താരാഷ്ട്ര കോൺക്ലേവ് സംഘടിപ്പിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യ വകുപ്പും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസും ചേർന്ന് തിരുവനന്തപുരത്ത് സംഘടിപ്പിച്ച അന്താരാഷ്ട്ര ഡയബറ്റീസ് കോൺക്ലേവിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി.

പ്രമേഹവുമായി ബന്ധപ്പെട്ട് നിലവിൽ ചെയ്യുന്ന പ്രവർത്തനങ്ങളും ഇനി ചെയ്യാനുള്ള പ്രവർത്തനങ്ങളും ചർച്ച ചെയ്ത് രൂപരേഖ തയ്യാറാക്കാനാണ് അന്താരാഷ്ട്ര കോൺക്ലേവ് സംഘടിപ്പിച്ചത്.

ദേശീയവും അന്തർ ദേശീയവുമായിട്ടുള്ള പ്രമേഹ രോഗ വിദഗ്ധരെ ഉൾക്കൊള്ളിച്ച് കൊണ്ടാണ് കോൺക്ലേവ് സംഘടിപ്പിച്ചത്.

അന്തർദേശീയ തലത്തിൽ പ്രമേഹ രോഗ ചികിത്സയിൽ വന്നിട്ടുള്ള നൂതന സംവിധാനങ്ങളും ചികിത്സാ വിധികളും ആരോഗ്യ വകുപ്പിലെ ഡോക്ടർമാരെയും മറ്റ് ജീവനക്കാരെയും പരിചയപ്പെടുത്തുക എന്ന ഉദ്ദേശം കൂടി ഈ കോൺക്ലേവിനുണ്ട്.



















Leave a Reply