വിജയ് യുടെ ഇൻഡോർ സംവാദ പരമ്പരക്ക് ഇന്ന് തുടക്കം ; ക്യു ആർ കോഡുള്ള ടിക്കറ്റില്ലാത്ത ആരും വരരുത്
വിജയ്‌യുടെ തമിഴക വെട്രി കഴകം (ടി വി കെ) വീണ്ടും പൊതുജന സമ്പർക്ക പരിപാടികളുമായു സജീവമാകുന്നു. ഇൻഡോർ പൊതുയോഗ പരമ്പരയിലൂടെ ജനങ്ങളുമായി നേരിട്ട് സംവദിക്കാനുള്ള തീരുമാനത്തിലാണ് വിജയ്. കാഞ്ചീപുരത്തെ കോളേജ് ക്യാംപസിൽ ഇന്ന് ആദ്യ പരിപാടി സംഘടിപ്പിക്കും. ഇന്നത്തെ യോഗത്തിൽ 2000 പേർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ എന്ന് ടി വി കെ നേതാക്കൾ അറിയിച്ചു. ക്യു ആർ കോഡ് അടങ്ങിയ ടിക്കറ്റ് ലഭിച്ചവർക്ക് മാത്രമേ കോളേജ് ക്യാംപസിലേക്ക് പ്രവേശനം ഉണ്ടാകൂ എന്നും ടി വി കെ വ്യക്തമാക്കി. ടിക്കറ്റില്ലാത്ത ആരും സ്ഥലത്ത് എത്തരുതെന്നും പാർട്ടി ആവശ്യപ്പെട്ടു.

ഇതേ മാതൃകയിൽ മറ്റ് ജില്ലകളിലും ഇൻഡോർ സംവാദ യോഗങ്ങൾ തുടർന്ന് നടത്തുമെന്നാണ് സൂചന. കരൂർ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇൻഡോർ സംവാദങ്ങളിലേക്ക് ടി വി കെയും വിജയും കടക്കുന്നത്. 2026 ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയുടെ സംഘടനാ ശേഷി ശക്തിപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണിത്.