പകർച്ചവ്യാധികളെ തടയാൻ ആരോഗ്യവകുപ്പ് സജ്ജം : മന്ത്രി കെ.മുരളീധരൻ
1 min read

പകർച്ചവ്യാധികളെ തടയാൻ ആരോഗ്യവകുപ്പ് സജ്ജം : മന്ത്രി കെ.മുരളീധരൻ

നിപ, ഷിഗെല്ല തുടങ്ങിയ പകർച്ചവ്യാധികളെ തടയാൻ ആരോഗ്യവകുപ്പ് സജ്ജമാണെന്ന് ആരോഗ്യം ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ പറഞ്ഞു. പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിൽ കഴിഞ്ഞ 26 വർഷമായി പോളിയോ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ഭാവിയിലെ സാധ്യതകൾ മുന്നിൽക്കണ്ട് മുൻകരുതലുകൾ ശക്തമാക്കണമെന്ന് മന്ത്രി പറഞ്ഞു.

ആരോഗ്യമേഖല പൊതുമേഖലയിൽ തന്നെ ശക്തമായി മുന്നോട്ട് കൊണ്ടുപോകും. നദികളും തോടുകളും മാലിന്യമുക്തമാക്കാനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുമുള്ള പദ്ധതികൾ തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് നടപ്പാക്കും. തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജിന് ഈ വർഷം തന്നെ അംഗീകാരം ലഭ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യകേരളം സ്റ്റേറ്റ് മിഷൻ ഡയറക്ടർ അനു എസ് നായർ അധ്യക്ഷനായ ചടങ്ങിൽ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. വി.മീനാക്ഷി, കൗൺസിലർമാരായ സൂര്യ.വി .എസ്, ജി. വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്തു. സംസ്ഥാനത്തെ അഞ്ചുവയസിന് താഴെയുള്ള 19,80,224 കുട്ടികൾക്കാണ് തുള്ളിമരുന്ന് നൽകുക. ഇതിനായി 22,288 ബൂത്തുകളും 46,663 പരിശീലനം ലഭിച്ച സന്നദ്ധ പ്രവർത്തകരെയും സജ്ജമാക്കിയിട്ടുണ്ട്. സർക്കാർ-സ്വകാര്യ ആശുപത്രികൾ, അങ്കണവാടികൾ, ആരോഗ്യ കേന്ദ്രങ്ങൾ, സ്‌കൂളുകൾ, വായനശാലകൾ തുടങ്ങിയവയുടെ സഹകരണം ഉറപ്പാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!