കനത്ത മഴ; കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. ജില്ലയില്‍ നാളെ തീവ്ര മഴയ്ക്കുളള സാധ്യത കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചതിന് പിന്നാലെയാണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാല്‍ മുന്‍കരുതല്‍ നടപടിയായി ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിക്കുകയാണെന്ന് കളക്ടര്‍ അറിയിച്ചു.
കോളേജുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, സ്‌കൂളുകള്‍, അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍, ഐസിഎസ്ഇ, സിബിഎസ്ഇ സ്‌കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, മദ്രസകള്‍ ഉള്‍പ്പെടെ മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമായിരിക്കും. റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ല. മുന്‍കൂട്ടി നിശ്ചയില്ല സര്‍വകലാശാല/പൊതുപരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമുണ്ടായിരിക്കുന്നതല്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

സംസ്ഥാനത്ത് അഞ്ച് ദിസവം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. ഇന്നും നാളെയും അതിശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്നും നാളെയും ഓറഞ്ച് അലേര്‍ട്ട് ആണ്. ഇന്ന് നാല് ജില്ലകള്‍ക്ക് കൂടി യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. മഹാരാഷ്ട്ര തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ ന്യൂനമര്‍ദ്ദപാത്തി സ്ഥിതി ചെയ്യുന്നതിനാലാണ് കേരളത്തില്‍ ശക്തമായ മഴ ലഭിക്കുന്നതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.