
ഐടി ജീവനക്കാരുടെ മരണത്തിൽ അന്വേഷണം വഴിത്തിരിവിലേക്ക്; കാർ ഇടിച്ചതായി സ്ഥിരീകരണം

തിരുവനന്തപുരം: തിരുവല്ലത്ത് ഐടി ജീവനക്കാരുടെ മരണത്തിനിടയായ അപകടത്തിൽ നിർണായക വഴിത്തിരിവ്. അപകടം ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്നല്ലെന്നും, പിന്നിൽ നിന്ന് കാർ ബൈക്കിൽ ഇടിച്ചതാണ് അപകടത്തിന് കാരണമായതെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.

ബൈക്കില്‍ ഇടിച്ച കാർ മലയിൻകീഴിലെ വീട്ടിൽ നിന്നും കണ്ടെത്തി. കാറോടിച്ച വിപിൻ പൊലീസ് കസ്റ്റഡിയിലാണ്. എറണാകുളം സ്വദേശി നവീൻ സിബി(25), തൊടുപുഴ സ്വദേശി മൃദുല ആൻ ഉമ്മൻ(25) എന്നിവരാണ് ഇന്നലെ നടന്ന അപകടത്തില്‍ മരിച്ചത്. ടെക്നോപാർക്കിലെ ഐടി കമ്പനിയിൽ എഞ്ചിനിയറാണ് നവീൻ, കിൻഫ്രയിലെ ഐടി ജീവനക്കാരിയായിരുന്നു മൃദുല. ഇന്നലെ നവീന്‍റെ ജൻമദിനമായിരുന്നു. ബൈക്കിൽ കോവളം ഭാഗത്തേക്ക് പോവുകയായിരുന്നു ഇരുവരും. തിരുവല്ലം ടോള്‍ പ്ലാസകഴിഞ്ഞായിരുന്നു അപകടം. നവീന്‍റെയും മൃദുലയുടെയും തലക്കാണ് പരിക്കേറ്റത്. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ഇരുവരും മരണപ്പെട്ടിരുന്നു.

ബൈക്ക് നിയന്ത്രണം തെറ്റി മറിയുകയായിരുന്നുവെന്നാണ് ആദ്യം കരുതിയത്. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കാറിടിക്കുകയായിരുന്നുവെന്ന് തെളിഞ്ഞത്. ഇടിച്ച ശേഷം കാർ നിർത്താതെ പോവുകയായിരുന്നു.

















Leave a Reply