Advertisement

ജന്തര്‍ മന്തറിലെ പ്രതിഷേധം: സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും ക്രൈംബ്രാഞ്ച് നോട്ടീസ്

സിജെപി നേതാക്കള്‍ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ്. സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കുമാണ് ഇന്ന് ഡല്‍ഹി രജൗരി ഗാര്‍ഡന്‍ ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരിക്കുന്നത്. ജന്തര്‍ മന്തറില്‍ അതിക്രമിച്ചു കയറി പ്രതിഷേധിച്ചുവെന്നാണ് കേസ്. കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന നേതാക്കള്‍ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകമാണ് ക്രൈബ്രാഞ്ച് നോട്ടീസ് അയച്ചിരിക്കുന്നത്.

ജന്തര്‍ മന്തര്‍ പ്രതിഷേധ കേന്ദ്രം അല്ലാതാക്കിയതിന് പിന്നാലെ നിരോധനം മറികടന്ന് സിജെപി നേതാക്കള്‍ പ്രതിഷേധിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട രണ്ടു കേസുകള്‍ ഡല്‍ഹി പൊലീസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ജന്തര്‍ മന്തര്‍ പ്രതിഷേധ കേന്ദ്രമല്ലെന്ന ഉത്തരവ് വന്നതിന് പിന്നാലെയായിരുന്നു സിജെപിയുടെ പ്രതിഷേധം. ദേശീയ പതാകയുമായി ജന്തര്‍ മന്തറിനകത്ത് കടന്ന സിജെപി പ്രവര്‍ത്തകര്‍, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സൗരവിനെയും അശുതോഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.

ദിവസങ്ങള്‍ക്ക് ശേഷം ഡല്‍ഹിയിലെ മന്ദിര്‍മാര്‍ഗ് സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റാണ് കഴിഞ്ഞ ദിവസം ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി പൂര്‍ത്തിയായ സാഹചര്യത്തില്‍ ഉപാധികളോടെയായിരുന്നു ജാമ്യം. അതെസമയം ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള തുടര്‍ പ്രതിഷേധങ്ങള്‍ ആലോചിക്കാന്‍ ഇന്‍ഡ്യ സഖ്യം യോഗം വിളിച്ചിരിക്കുകയാണ്. ഇന്ന് വൈകീട്ട് ഓണ്‍ലൈനായാണ് യോഗം ചേരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!