Advertisement

ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ അപകടം: പൈലറ്റ് ഉള്‍പ്പെടെ മുഴുവന്‍ യാത്രക്കാരും മരിച്ചു

ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ പൈലറ്റും യാത്രക്കാരും ഉള്‍പ്പെടെ എല്ലാവരും മരിച്ചു. ഹെലികോപ്ടറിലുണ്ടായിരുന്ന ആറുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ചമോലി ജില്ലാ എസ്പി സുര്‍ജിത് സിങ് പന്‍വറിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. പൈലറ്റ് ഹിമാന്‍ഷു സബര്‍വാള്‍ (48), യാത്രക്കാരായ പ്രതാപ് (41), അരുണ്‍ സലൂങ്കേ (44), ശങ്കര്‍ ഗൗഡ(39), സുധീര്‍ കെ.(49), എച്ച്.എസ്. നടരാജ് (51) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

ബദ്രീനാഥില്‍ നിന്ന് ഡെഹ്റാഡൂണ്‍ ലക്ഷ്യമാക്കി ഇന്നുച്ചയ്ക്ക് 1.14-ഓടെയാണ് ട്രാന്‍സ് ഭാരത് ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഹെലികോപ്റ്റര്‍ പറന്നുയര്‍ന്നത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് ബദരീനാഥിനും ജോഷിമഠിനും ഇടയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. ജോഷിമഠ് താഴ്വരയ്ക്ക് മുകളിലൂടെ പറക്കവേ, ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നു. തുടര്‍ന്ന് അന്വേഷണം ആരംഭിച്ചു. പിന്നീടാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണതായി സ്ഥിരീകരിച്ചത്.

അപകടത്തില്‍ മരിച്ച ഹിമാന്‍ഷു പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഷാലിമാര്‍ ബാഗില്‍നിന്നുള്ളയാളാണ്. അരുണ്‍ പൊലീസ് സേനാംഗവും ശങ്കര്‍ അഭിഭാഷകനുമാണ്. യാത്രക്കാര്‍ ബെംഗളൂരു സ്വദേശികളാണെന്നാണ് വിവരം. സൈന്യത്തിന്റെയും എസ്ഡിആര്‍എഫിന്റെയും പൊലീസിന്റെയും സംഘങ്ങള്‍ സ്ഥലത്തെത്തുകയും തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!