
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനായി ദില്ലിയിലേക്ക് തിരിക്കും മുമ്പ് മുംബൈയിൽ മാധ്യമങ്ങളോട് പ്രതികരണവുമായി കോക്റോച്ച് ജനത പാർട്ടി (സിജെപി) സ്ഥാപകൻ അഭിജിത്ത് ദീപ്കെ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകാധിപതിയാണെന്ന് കുറ്റപ്പെടുത്തിയ അഭിജിത്ത് ദീപ്കെ, ദില്ലിയിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളെ വിമർശിച്ചു. രാജ്യത്തെ യുവാക്കളെ മോദി ഇത്രയധികം ഭയപ്പെടുന്നുണ്ടെങ്കിൽ, പിന്നെ എന്തിനാണ് പ്രധാനമന്ത്രി കസേരയിൽ ഇരിക്കുന്നതെന്നും ദീപ്കെ ചോദിച്ചു. സമരം തുടങ്ങും മുന്നേ മോദി പരാജയം സമ്മതിച്ചെന്ന് ദീപ്കെ എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.
“നരേന്ദ്ര മോദി ഒരു ഏകാധിപതിയാണ്. അദ്ദേഹം ഭയന്നിരിക്കുകയാണ്, അതുകൊണ്ടാണ് ഡൽഹി മെട്രോയും റോഡുകളും എല്ലാം അടച്ചുപൂട്ടിയത്. രാജ്യത്തെ യുവാക്കളെ അദ്ദേഹം ഇത്രയധികം ഭയപ്പെടുന്നുണ്ടെങ്കിൽ, പിന്നെ എന്തിനാണ് പ്രധാനമന്ത്രിക്കസേരയിൽ ഇരിക്കുന്നത്?” – അഭിജിത്ത് ദീപ്കെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

നരേന്ദ്ര മോദിയും അമിത് ഷായും സ്വന്തം രാജ്യത്തെ ജനങ്ങൾക്കെതിരെ യുദ്ധം പ്രഖ്യാപിക്കാൻ ആഗ്രഹിക്കുകയാണോ? സ്വന്തം പൗരന്മാർക്കെതിരെ പൊലീസിനെയും സൈന്യത്തെയും അഴിച്ചുവിടാൻ മാത്രം ഗ്യാനേഷ് കുമാർ അവർക്ക് അത്ര പ്രിയപ്പെട്ടവനാണോ? മോദി ഭയന്നിരിക്കുകയാണ്, കാരണം ഇതിനുശേഷം ഈ നാട്ടിലെ ജനങ്ങൾ തനിക്ക് വോട്ട് ചെയ്യില്ലെന്ന് അദ്ദേഹം ഭയപ്പെടുന്നുവെന്നും അഭിജിത്ത് ദീപ്കെ അഭിപ്രായപ്പെട്ടു.


Leave a Reply