ശ്രീനാരായണഗുരുദേവന്‍റെ 96-ാമത് മഹാസമാധിദിനാചരണം 22 ന് ശിവഗിരിയിലും ശാഖാസ്ഥാപനങ്ങളിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ശിവഗിരി: ശ്രീനാരായണ ഗുരുദേവന്‍റെ 96-ാമത് മഹാസമാധിദിനം സെപ്റ്റംബര്‍ 22 ന് ശിവഗിരി മഠത്തിലും ശാഖാസ്ഥാപനങ്ങളിലും ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആചരിക്കുന്നതി നുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി.
ശിവഗിരിയില്‍ പുലര്‍ച്ചെ അഞ്ചിന് വിശേഷാല്‍ പൂജ, ഹവനം, ഡോ. ബി. സീരപാണിയുടെ പ്രഭാഷണം. 10 ന് നടക്കുന്ന മഹാസമാധി സമ്മേളനവും ഉപവാസയജ്ഞവും സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി അധ്യക്ഷത വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാജോര്‍ജ്ജ് മുഖ്യാതിഥിയായിരിക്കും. ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതമാശംസിക്കുന്ന ചടങ്ങില്‍ ധര്‍മ്മസംഘം ട്രസ്റ്റ് ട്രഷറര്‍ സ്വാമി ശാരദാനന്ദ, ട്രസ്റ്റ് ബോര്‍ഡ് അംഗം സ്വാമി സൂക്ഷ്മാനന്ദ എന്നിവര്‍ അനുഗ്രഹ പ്രഭാഷണങ്ങള്‍ നടത്തും. മുംബൈ യൂണിവേഴ്സിറ്റിയില്‍ ശ്രീനാരായണ ചെയര്‍ സ്ഥാപിക്കുന്നതിന് ധനസഹായം നല്‍കുകയും ഗുരുദേവനെക്കുറിച്ചുള്ള യുഗപുരുഷന്‍ സിനിമ നിര്‍മ്മിക്കുകയും ചെയ്ത ഡോ. എ. വി. അനൂപിനെ (എ.വി.എ. ഗ്രൂപ്പ്) ചടങ്ങില്‍ ആദരിക്കും. അഡ്വ. വി. ജോയി എം.എല്‍.എ. മിസോറാം മുന്‍ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, ചാണ്ടിഉമ്മന്‍ എം.എല്‍.എ., മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം. ലാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സ്മിതാ സുന്ദരേശന്‍ എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തും.

രണ്ടിന് ശാരദാമഠത്തില്‍ ശിവഗിരി മഠത്തിലെ സംന്യാസിമാര്‍ നയിക്കുന്ന ഹോമയജ്ഞം നടക്കും. മൂന്നിന് ശാരദാ മഠത്തില്‍ നിന്നും ആരംഭിക്കുന്ന കലശ പ്രദക്ഷിണ യാത്ര, വൈദികമഠം, ബോധാനന്ദ സ്വാമി സമാധിപീഠം വഴി മഹാസമാധി സന്നിധിയില്‍ എത്തിച്ചേരും. തുടര്‍ന്ന് മഹാസമാധിസമയമായ മൂന്നരവരെ പ്രത്യേക പൂജകളുണ്ടാവും. 169-ാമത് ഗുരുദേവ ജയന്തി ഘോഷയാത്രയില്‍ പങ്കെടുത്ത ഫ്ളോട്ടുകളുടേയും സ്വീകരണ അലങ്കാരങ്ങളുടേയും ജേതാക്കള്‍ക്കുള്ള സമ്മാനവിതരണം സമ്മേളനാനന്തരം നടക്കും.
ശിവഗിരി മഠം ശാഖാ ആശ്രമങ്ങളായ ചെമ്പഴന്തി ഗുരുകുലം, അരുവിപ്പുറം മഠം, കുന്നുംപാറ ക്ഷേത്രം, കോട്ടയം കുറിച്ചി അദ്വൈതവിദ്യാശ്രമം, ആലുവാ അദ്വൈതാശ്രമം, തൃശൂര്‍ പെരിങ്ങോട്ടുകര സോമശേഖര ക്ഷേത്രം, പാലക്കാട് തൃത്താല, ചെന്നൈ, കാഞ്ചീപുരം ആശ്രമം തുടങ്ങിയ കേന്ദ്രങ്ങളിലും സമാധി ദിനാചരണ ചടങ്ങുകള്‍ ഉണ്ടാകും.

