ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് കൊച്ചിയിൽ.
തിരുവനന്തപുരം ∙ 2025 ഫെബ്രുവരി 21, 22 തീയതികളിൽ ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് 2025 നിക്ഷേപക സംഗമം നടത്തുന്നതിനു തത്വത്തിൽ അംഗീകാരം നൽകി മന്ത്രിസഭ.

കൊച്ചിയിൽ ലുലു ബോൾഗാട്ടി ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിൽ വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണു പരിപാടി.

സമ്മിറ്റിനു മുന്നോടിയായി വിവിധ വകുപ്പുകളുടെ ഇൻവെസ്റ്റ്‌മെന്റ് പ്രപ്പോസലുകൾ ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ അവതരിപ്പിക്കുന്നതിനും വൻകിട (50 കോടിയിൽ കൂടുതൽ നിക്ഷേപമുള്ള) സംരംഭങ്ങൾക്കുള്ള അനുമതികൾ സമയബന്ധിതമായി നൽകുന്നതിനു നടപടികൾ ഏകോപിപ്പിക്കാനും രൂപീകരിച്ച ചീഫ് സെക്രട്ടറി ചെയർമാനായ ഹൈപവർ കമ്മിറ്റിയെ ചുമതലപ്പെടുത്തും.


2023ലെ വ്യവസായ നയത്തിനനുസൃതമായി കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കാനുള്ള ശ്രമങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുകയും ഏകോപിപ്പിക്കുകയുമാണു നിക്ഷേപക സംഗമത്തിന്റെ ലക്ഷ്യം



