വയനാട്  പുനരധിവാസത്തിന് സർക്കാർ തയ്യാറാക്കുന്ന ടൗൺഷിപ്പിൻറെ നിർമ്മാണ ചുമതല ഊരാളുങ്കലിന് നൽകാൻ ആലോചന.
1 min read

വയനാട്  പുനരധിവാസത്തിന് സർക്കാർ തയ്യാറാക്കുന്ന ടൗൺഷിപ്പിൻറെ നിർമ്മാണ ചുമതല ഊരാളുങ്കലിന് നൽകാൻ ആലോചന.

കിഫ്ബിയുടെ കൺസൾട്ടൻസിയായ കിഫ്കോണിൻറെ മേൽനോട്ടത്തിലാകും നിർമ്മാണ പ്രവർത്തനങ്ങൾ. ഇതടക്കം സുപ്രധാന തീരുമാനങ്ങൾ അടുത്ത മന്ത്രിസഭായോഗം പരിഗണിക്കും.

വയനാട് ഉരുൾപ്പൊട്ടൽ ദുരിത ബാധിതരെ പുനരധിവസിപ്പിക്കാൻ രണ്ടിടത്തായി രണ്ട് ടൗൺഷിപ്പാണ് നിർമ്മിക്കാനൊരുങ്ങുന്നത്. 1000 ചതുരശ്ര അടിയിലുള്ള ഒറ്റനില വീടുകൾ നിർമ്മിക്കും.

താമസക്കാർക്ക് ആവശ്യമെങ്കിൽ ഭാവിയിൽ മുകളിലത്തെ നില കൂടി പണിയാൻ പാകത്തിൽ അടിത്തറ ബലപ്പെടുത്തിയാകും വീട് നിർമ്മാണം. പണി തുടങ്ങിയാൽ പിന്നെ സമയബന്ധിതമായി തീർക്കാൻ കൂടി ഉദ്ദേശിച്ചാണ് പദ്ധതിയെന്നാണ് സർക്കാർ വൃത്തങ്ങൾ വിശദീകരിക്കുന്നത്.

നിർമ്മാണ മേൽനോട്ടവും നിർമ്മാണ ചുമതലയും പ്രത്യേകം ഏൽപ്പിക്കും. കിഫ്ബിയുടെ കൺസൾട്ടൻസിയായ കിഫ്കോണിനെ മേൽനോട്ടം ഏൽപ്പിച്ച് നിർമ്മാണ ചുമതല ഊരാളുങ്കലിന് നൽകാനാണ് ഇപ്പോഴത്തെ ആലോചന.

പ്രത്യേക മന്ത്രിസഭായോഗത്തിൽ ചീഫ് സെക്രട്ടറി അവതരിപ്പിച്ച രൂപരേഖ വിശദമായി പഠിച്ച ശേഷമാകും അടുത്ത മന്ത്രിസഭായോഗത്തിൽ തുടർ തീരുമാനങ്ങളെടുക്കുക, ടൗൺഷിപ്പ് നിർമ്മാണത്തിന് കണ്ടെത്തിയ നെടുമ്പാല എൽസ്റ്റോൺ എസ്റ്റേറ്റുകളിലെ ഭൂമി തർക്കത്തിൽ 27ന് ഹൈക്കോടതി വിധി പറയും.

അത് കൂടി അറിഞ്ഞ ശേഷം അതിവേഗം ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കാമെന്നാണ് റവന്യു വകുപ്പ് പറയുന്നത്. വീട് വക്കാൻ സഹായം വാദ്ഗാനം ചെയ്ത സംഘടനകളും വ്യക്തികളുമായി മുഖ്യമന്ത്രി നേരിട്ട് ചർച്ച നടത്തും.

സർക്കാർ നിഷ്കർഷിക്കും വിധം ഉറപ്പുള്ള വീടുകൾ സമയബന്ധിതമായി പണിത് നൽകുന്നവർക്ക് സ്ഥലം കിട്ടുന്ന മുറയ്ക്ക് കൈമാറാനും അല്ലാത്തവരിൽ നിന്ന് പണം വാങ്ങി വീട് സർക്കാർ തന്ന പണിയാനുമാണ് ആലോചിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!