യുപിഐ ഇടപാടുകളില്‍ നാളെ മുതല്‍ മാറ്റം.
ദില്ലി: 2025 ഫെബ്രുവരി 1 മുതല്‍ യുപിഐ ഐഡികളില്‍ സ്‍പെഷ്യല്‍ കാര്യക്ടറുകള്‍ അനുവദിക്കില്ലെന്ന് നാഷണല്‍ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) അറിയിച്ചു.

യുപിഐ ഐഡികളിലോ ഇടപാട് ഐഡികളിലോ സ്‍പെഷ്യല്‍ കാര്യക്ടറുകള്‍ അടങ്ങിയിട്ടുണ്ടെങ്കില്‍ 2025 ഫെബ്രുവരി 1-ന് ശേഷം പേയ്‌മെന്‍റുകള്‍ പരാജയപ്പെടുമെന്നും എൻപിസിഐ വ്യക്തമാക്കി.

നിങ്ങളുടെ യുപിഐ ഐഡിയില്‍ സ്‍പെഷ്യല്‍ കാര്യക്ടറുകള്‍ ഉണ്ടെങ്കില്‍ അവയില്‍ ഉടൻ തന്നെ മാറ്റം വരുത്തേണ്ടിവരും.

ജനുവരി 9-ന് യുപിഐ ഇടപാടുകളിലെ മാറ്റം സംബന്ധിച്ച് എൻപിസിഐ ഒരു സർക്കുലർ പുറപ്പെടുവിച്ചിരുന്നു. അതില്‍ പുതിയ നിയമങ്ങള്‍ വ്യക്തമാക്കുന്നു. ഇനി മുതല്‍ യുപിഐ ഇടപാട് ഐഡിയില്‍ ആല്‍ഫാന്യൂമെറിക് മാത്രമേ ഉപയോഗിക്കാവൂ എന്ന് സർക്കുലറില്‍ വ്യക്തമായി പ്രസ്താവിച്ചിരിക്കുന്നു.

അതായത്, അതില്‍ അക്കങ്ങളും അക്ഷരങ്ങളും മാത്രമേ ഉണ്ടാകാൻ പാടുള്ളൂ. പ്രത്യേക പ്രതീകങ്ങളൊന്നും (ക്യാരക്ടര്‍) അതിന്‍റെ ഭാഗമാകരുത്. ഏതെങ്കിലും ഇടപാട് ഐഡിയില്‍ പ്രത്യേക ക്യാരക്ടറുകള്‍ അടങ്ങിയിട്ടുണ്ടെങ്കില്‍, സിസ്റ്റം അത് നിരസിക്കും.

ഇത്തരം ഇടപാടുകള്‍ കേന്ദ്ര സംവിധാനം സ്വമേധയാ തള്ളുന്ന തരത്തിലാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നതെന്നും നാഷണല്‍ പേയ്‌മെന്‍റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു.




