1 min read

സാമൂഹിക അന്തരീക്ഷത്തില്‍ മാറ്റം വരുത്താന്‍ യോഗയ്ക്ക് കഴിയും- വി. മുരളീധരന്‍; പോത്തന്‍കോട് ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജില്‍ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു.

പോത്തന്‍കോട് : മാനസികമായ ആരോഗ്യമാണ് ഇന്ന് ഏറ്റവും പ്രദാനം. നിസാരമായ കാര്യങ്ങള്‍ക്ക് ‍ കൊല്ലും കൊലയും നടക്കുന്ന സാഹചര്യത്തില്‍ മനസ്സിന്റെ ഉളളിലുളള സംഘര്‍ഷങ്ങള്‍ മാറ്റി സാമൂഹിക അന്തരീക്ഷത്തില്‍ മാറ്റം വരുത്താന്‍ യോഗയ്ക്ക് കഴിയുമെന്ന് മുന്‍ കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍.

പോത്തന്‍കോട് ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജില്‍ നടന്ന അന്താരാഷ്ട്ര യോഗദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാധാനത്തിന്റെയും ശാന്തിയുടെയും സഹവര്‍ത്തിത്വത്തിന്റെയും സന്ദേശം നല്‍കുന്ന ഏറ്റവും ഉത്തമമായ ജീവിതചര്യയാണ് യോഗ. അതു കേവലമായ ഒരു വ്യായാമ മുറ മാത്രമല്ല, മനസ്സിനെയും ശരീരത്തിനെയും ഒരുപോലെ പാകപ്പെടുത്തി എടുക്കാനുളള ശ്രമമാണ്.

പുരാതന ഇന്ത്യൻ പാരമ്പര്യത്തില്‍ നിന്നും ലഭിച്ച ഏറ്റവും വിലമതിക്കാന്‍ കഴിയാത്ത സമ്മാനമാണ് യോഗ മാനസികവും ശാരീരികവുമായ ക്ഷേമം വര്‍ദ്ധിപ്പിക്കാനുളള മെച്ചപ്പെടുത്തുന്നതിനുള്ള വിശ്വസനീയമായ ഉപാധിയായിട്ട് ഇന്ന് ലോകം മുഴുവന്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നു.

നല്ല വിചാരം,നല്ല വാക്ക്, നല്ല പ്രവര്‍ത്തി, നിഷ്മാമ കര്‍മ്മം, സേവന മനോഭാവം ഇതെല്ലാം നമ്മുടെ ആരോഗ്യത്തെ പുഷ്ടിപ്പെടുത്തുമെന്നും യോഗയെ ഒരു ജീവിതചര്യയാക്കി മാറ്റാന്‍ വേണ്ടിയുളള പരിശ്രമമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഫോട്ടോ : ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജില്‍ നടന്ന കൂട്ട യോഗയില്‍ മുന്‍ കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പങ്കെടുത്തപ്പോള്‍

ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഡോ.പി.ഹരിഹരന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ശാന്തിഗിരി ഹെല്‍ത്ത്കെയര്‍ &റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ മേധാവി സ്വാമി ഗുരുസവിധ് ജ്ഞാന തപസ്വി യോഗദിനസന്ദേശം നല്‍കി. മാണിക്കല്‍ ഗ്രാ‍മപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ആര്‍. സഹീറത്ത് ബീവി, ഗ്രാമപഞ്ചായത്തംഗങ്ങളായ കോലിയക്കോട് മഹീന്ദ്രന്‍, മടവൂര്‍ സന്തോഷ്, ബിജെപി തിരുവനന്തപുരം നോര്‍ത്ത് ജില്ലാ സെക്രട്ടറി എം.ബാലമുരളി, തിരുവനന്തപുരം ഡിസിസി മെമ്പര്‍ പൂലന്തറ കെ.കിരണ്‍ദാസ്, ശാന്തിഗിരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍ സയന്‍സ് വൈസ് പ്രിന്‍സിപ്പാള്‍ ഡോ.ഗീത.ബി, ബിജെപി പോത്തന്‍കോട് മണ്ഡലം പ്രസിഡന്റ് സുരേഷ് ബാബു, വര്‍മ്മം ഡിപ്പാര്‍ട്ട്മെന്റ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ.എ.ജെന്നിഫര്‍ ലാന്‍സി, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ റീഡര്‍ ബിനോദ്.കെ, സുബ്രഹ്മണ്യന്‍. പി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. പൊതുയോഗപ്രോട്ടോക്കോള്‍ പ്രകാരം രാവിലെ നടന്ന കൂട്ട യോഗയില്‍ ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജിലെയും ശാന്തിഗിരി ഇന്‍സ്റ്റിറ്റ്യൂട്ടിലെയും അദ്ധ്യാപകരും അനദ്ധ്യാപകരും വിദ്യാര്‍ത്ഥികളും നാട്ടുകാരുമുള്‍പ്പടെ നൂറിലധികം പേര്‍ പങ്കെടുത്തു. യോഗദിനാചരണത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച കളരിയോഗയും യോഗനൃത്തവും പരിപാടിക്ക് മിഴിവേകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!