Advertisement

ആസാം സ്വദേശി ആശാദുൾ ഹഖ് ഇനി ബിരുദ പഠനത്തിന്; കൈത്താങ്ങായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്


തിരുവനന്തപുരം: തൊഴിൽ തേടി ആസാമിൽനിന്ന് കേരളത്തിലെത്തിയ ആശാദുൾ ഹഖിന് ബിരുദ പഠനത്തിന് കൈത്താങ്ങായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്.


പന്ത്രണ്ട് വർഷം മുമ്പ് ആസാമിലെ ടെഴ്പ്പൂർ ജില്ലയിലെ ഇതാഖോല ഗ്രാമത്തിൽനിന്ന് തന്റെ പതിനൊന്നാം വയസ്സിൽ കേരളത്തിലേക്ക് വണ്ടികയറുമ്പോൾ ഏഴാം ക്ലാസ് വിദ്യാഭ്യാസം മാത്രമായിരുന്നു ആശാദുൾ ഹഖിന്റെ കൈമുതൽ. ആര്യനാട്ടിലെ ഒരു ഹോട്ടലിൽ ജോലിക്കാരനായിട്ടായിരുന്നു തുടക്കം. പിന്നീട് അസീസി ആശ്രമത്തിൽ ജോലിക്കെത്തി.
പ്രേരക് ബിന്ദു മുഖേന സാക്ഷരതാ മിഷന്റെ പ്രവർത്തനങ്ങളിൽ പങ്കാളിയായി. നോഡൽ പ്രേരക് രാജീവ് അദ്ദേഹത്തെ പത്താംതരം തുല്യതാ കോഴ്‌സിന് രജിസ്റ്റർ ചെയ്തു. ആര്യനാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പഠനകേന്ദ്രത്തിൽ പഠിച്ച അദ്ദേഹം മികച്ച വിജയം കരസ്ഥമാക്കി. പ്രേരക് കുമാരിസുമ സെന്റർ കോ-ഓർഡിനേറ്റർ എന്ന നിലയിൽ ആവശ്യമായ പിന്തുണ നൽകി.
തുടർന്ന് സാക്ഷരതാ മിഷന്റെ ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സിലും ചേർന്നു. ഈ കോഴ്‌സിലും മികച്ച വിജയം നേടാൻ അദ്ദേഹത്തിന് സാധിച്ചു. തുടർന്ന് ബിരുദ പഠനത്തിന് ചേരണമെന്നായിരുന്നു ആഗ്രഹം. എന്നാൽ സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്ന ആശാദുൾ ഹഖിന് അതിനുള്ള ഫീസ് അടയ്ക്കാൻ പ്രയാസമായിരുന്നു.


ഈ സാഹചര്യത്തിലാണ് ജില്ലാ പഞ്ചായത്തിന്റെ പ്രോജക്ട് പ്രകാരം ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സ് വിജയിച്ചവർക്ക് ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ സാക്ഷരതാ മിഷൻ മുഖേന ബിരുദ പഠനത്തിന് ചേരുന്നതിനുള്ള പദ്ധതിയെക്കുറിച്ച് സെന്റർ കോ-ഓർഡിനേറ്റർ കൂടിയായ പ്രേരക് ബിന്ദു അദ്ദേഹത്തോട് പറഞ്ഞത്.
അങ്ങനെയാണ് ഈ പദ്ധതിയിൽ തന്നെയും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശനിക്ക് അദ്ദേഹം അപേക്ഷ നൽകിയത്. പന്ത്രണ്ട് വർഷമായി ആര്യനാട് ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസക്കാരനായ അദ്ദേഹത്തിന്റെ പഠനതാൽപ്പര്യം പരിഗണിച്ച് പദ്ധതിയിൽ ഉൾപ്പെടുത്താൻ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു.


ഇപ്പോൾ ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ ബി.എ. സോഷ്യോളജിക്ക് ചേരുകയും ചെയ്തു. ആശാദുൾ ഹഖ് ഇന്ന് ജില്ലാ പഞ്ചായത്ത് ഓഫീസിലെത്തി രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിൽനിന്ന് സ്വീകരിച്ചു.ഈ ചടങ്ങിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി പ്രിയദർശിനി വൈസ് പ്രസിഡന്റ്‌ ബി പി മുരളി, സാക്ഷരത മിഷൻ ജില്ലാ കോ ഒർഡിനേറ്റർ ഇ വി അനിൽ അസി കോ കോർഡിനേറ്റർ സജിത കെ, സുനിൽ കുമാർ എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!