Advertisement

നെടുമ്പാശേരി വാഹനാപകടം; 19കാരൻ മദ്യപിച്ച 3 ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

നെടുമ്പാശേരി വാഹനാപകടത്തിൽ പ്രതിയായ 19കാരൻ മദ്യപിച്ച 3 ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. എക്സൈസ് കമ്മീഷണർ സാംബശിവറാവുവാണ് ഉത്തരവിറക്കിയത്. ദയ ബാർ കടവന്ത്ര, മൺസൂൺ എംപ്രസ് പാലാരിവട്ടം, ഹോട്ടൽ മാരിയട്ട് നെടുമ്പാശ്ശേരി ഈ ഹോട്ടലുകളിൽ നിന്നാണ് പ്രതി സുഹൈൽ മദ്യപിച്ചത്. ഈ ഹോട്ടലുകളുടെ ലൈസൻസുകളാണ് സസ്പെൻഡ് ചെയ്തത്.

അതേസമയം, കാര്‍ ഓടിച്ച സുഹൈൽ സജീവ് അടക്കം നാലുപ്രതികളെയും പൊലീസ് കസ്റ്റഡിയിൽ വിട്ടു. നാളെ വൈകീട്ട് അഞ്ചുമണിവരെയാണ് അങ്കമാലി കോടതി കസ്റ്റഡി അനുവദിച്ചത്. കേസ് അന്വേഷണത്തിന് ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം രൂപീകരിച്ചു. അപകടമുണ്ടാക്കിയ കാറിൽ സാങ്കേതിക പരിശോധന നടത്തി. കസ്റ്റഡി ആവശ്യമില്ലെന്നും അനുവദിക്കരുതെന്നും പ്രതിഭാഗം വാദിച്ചു. ഗൂഢാലോചനയൊന്നുമില്ലാത്ത വാഹനാപകടക്കേസിൽ എന്തിനാണ് പൊലീസ് കസ്റ്റഡിയെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ ചോദ്യം.

അപകടത്തിൽ പെട്ട ബൈക്ക് ഓവര്‍ ലോഡ് ആയിരുന്നു എന്നും, മൂന്നുപേരും ഹെൽമറ്റ് വയ്ക്കാതെ യാത്ര ചെയ്തതും മരണത്തിന് കാരണമായിട്ടുണ്ട് എന്നായിരുന്നു വാദം. മദ്യപിച്ച് വാഹനമോടിച്ചാലുള്ള ഭവിഷത്ത് അറിയാത്തവരല്ല പതിനെട്ട് കഴിഞ്ഞ പ്രതികളെന്നും വിശദമായി ചോദ്യം ചെയ്തും തെളിവെടുത്തും കേസ് നടപടികൾ പൂര്‍ത്തിയാക്കാൻ കസ്റ്റഡി അനിവാര്യമെന്നും പ്രോസിക്യൂഷൻ. ഒടുവിൽ നാളെ വൈകീട്ട് അ‍ഞ്ചുമണിവരെ പൊലീസ് കസ്റ്റഡിയിൽ അനുവദിച്ചു. തെളിവെടുപ്പ് അടക്കം നടപടികൾ വേഗത്തിൽ പൂര്‍ത്തിയാക്കും. പ്രതികളുടെ ജാമ്യാപേക്ഷ നാളെയാണ് അങ്കമാലി കോടതി പരിഗണിക്കുന്നത്. ജാമ്യാപേക്ഷയെ എതിര്‍ക്കുമെന്നു മരിച്ച വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന്‍റെ അഭിഭാഷകൻ അഡ്വ. സെയ്ൻ ഷബീര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!