അനാവശ്യ കേബിളുകള് നീക്കാൻ നഗരസഭ :പാളയത്ത് തുടക്കമായി

തിരുവനന്തപുരം : നഗരസഭാ പരിധിയില് അനാവശ്യമായി സ്ഥാപിച്ചിട്ടുള്ളതും അശാസ്ത്രീയമായി പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നതുമായ
ഓവർഹെഡ് കേബിളുകളും ടെലിഫോൺ/ഇന്റർനെറ്റ് വയറുകളും നീക്കം ചെയ്യുന്ന നഗരസഭയുടെ പദ്ധതി ആരംഭിച്ചു.
ഇത്തരത്തിലുള്ള കേബിളുകള് നീക്കം ചെയ്യുന്നതിന് നഗരസഭാ കൗണ്സില് അംഗീകരിച്ച പ്രമേയത്തിലൂടെ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ഇന്നലെ രാവിലെ പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ ചേർന്ന യോഗം മേയർ വി. വി. രാജേഷ് ഉദ്ഘാടനം ചെയ്തു. ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. ആർ. ഗോപൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ടൗൺ പ്ലാനിംഗ് കമ്മിറ്റി ചെയർമാൻ പാറ്റൂർ രാധാകൃഷ്ണൻ സ്വാഗതം ആശംസിച്ചു. കൗൺസിലർമാരായ വേണുഗോപാൽ , ക്ലീറ്റസ്, ഹരികുമാർ എസ്, ശ്രുതി, ദീപ, ഷെർളി, സൂപ്രണ്ടിംഗ് എൻജിനിയർ സജീഷ്, അസി.എക്സി. എൻജിനിയർ സുമ എന്നിവർ സംസാരിച്ചു. തുടർന്ന് പാളയം കണ്ണിമേറ മാർക്കറ്റിനു മുന്നിലെ ഓവർഹെഡ് കേബിളുകൾ മേയർ മുറിച്ചു മാറ്റി.

നിരവധി അപകടങ്ങള്ക്കും ജീവഹാനിക്കു പോലും കാരണമായിട്ടുള്ള കേബിളുകള് നീക്കം ചെയ്യാത്ത പക്ഷം നഗരസഭ നേരിട്ട് നീക്കം ചെയ്യാനും ബന്ധപ്പെട്ട സേവന ദാതാക്കളില് നിന്നും നഷ്ടപരിഹാരം ഈടാക്കാനും തീരുമാനിച്ചിരുന്നു.

ടൗൺ പ്ലാനിംഗ് കമ്മിറ്റി ചെയർമാൻ പാറ്റൂർ രാധാകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൗൺസിലർമാരുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും സര്വ്വീസ് പ്രൊവൈഡര്മാരുടെയും ഫ്രാഞ്ചൈസികളുടെയും യോഗമാണ് രൂപരേഖ തയ്യാറാക്കിയത്. ഡിവൈൻ നെറ്റ് വർക്കാണ് കരാറുകാർ. ടാഗ് ചെയ്യാത്ത കേബിളുകൾ മുഴുവനും മുറിച്ചു മാറ്റിയ ശേഷം ബാക്കിയുള്ളവ ഒരുമിച്ച് മെഷീൻ ഉപയോഗിച്ച് ക്ലിപ്പ് ചെയ്യുന്ന പ്രവർത്തനമാണ് ആരംഭിച്ചത്.

101 വാർഡുകളിലും പദ്ധതി നടപ്പിലാക്കും. ആദ്യ ഘട്ടത്തിൽ 5 വാർഡുകളെ തീരുമാനിച്ചു.
നഗരസഭാ മെയിൻ ഓഫീസ് സ്ഥിതി ചെയ്യുന്ന പാളയം , ഫോർട്ട്, കണ്ണമ്മൂല , തൈക്കാട്, പെരുന്താന്നി എന്നീ വാർഡുകളാണ് ആദ്യഘട്ടത്തിലുള്ളത്.














Leave a Reply