
തിരുവനന്തപുരം: കടലില് കാണാതാകുന്നവര്ക്ക് മരണ സര്ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള ഏഴു വര്ഷത്തെ കാത്തിരിപ്പ് കാലാവധി കുറയ്ക്കണമെന്ന് കേന്ദ്രസര്ക്കാരിനോട് ആവശ്യപ്പെട്ടതായി ഫിഷറീസ് മന്ത്രി വി.ഇ അബ്ദുള് ഗഫൂര്. ഇതിനായി നിയമ ഭേദഗതി വരുത്തണമെന്ന് കേന്ദ്രത്തോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും കപ്പല് അപകടങ്ങളില്പ്പെട്ട മത്സ്യത്തൊഴിലാളികള്ക്ക് നഷ്ടപരിഹാരം ഉറപ്പാക്കാന് അടിയന്തര ഇടപെടല് നടത്തുമെന്നും അദ്ദേഹം നിയമസഭയില് ചോദ്യോത്തര വേളയില് വ്യക്തമാക്കി.

നിലവിലെ നിയമപ്രകാരം ഒരാളെ കാണാതായാല് ഏഴ് വര്ഷം പൂര്ത്തിയായതിന് ശേഷം മാത്രമേ മരണ സര്ട്ടിഫിക്കറ്റ് നല്കാന് സാധിക്കുകയുള്ളൂ. ഇത് മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഈ സാഹചര്യത്തിലാണ് കാലപരിധി കുറയ്ക്കുന്നതിനായി സംസ്ഥാന സര്ക്കാര് കേന്ദ്രത്തെ സമീപിച്ചത്. കാണാതായി ഏഴ് വര്ഷം പൂര്ത്തിയായ വ്യക്തിഗത കേസുകള് നിലവിലുണ്ടെങ്കില് അവ പ്രത്യേകം പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കുമെന്നും, ഓഖി ദുരന്തത്തില് മരിച്ചവരുടെ കുടുംബങ്ങള്ക്ക് വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തില് ജോലി നല്കുന്നത് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

കപ്പല്-കണ്ടെയ്നര് അപകടങ്ങള് മൂലം വള്ളവും മീന്പിടിത്ത വലകളും നഷ്ടപ്പെട്ട് ദുരിതത്തിലായ മത്സ്യത്തൊഴിലാളികള്ക്ക് അര്ഹമായ നഷ്ടപരിഹാരം ഉറപ്പാക്കുന്നതിനുള്ള നടപടികളും സര്ക്കാര് വേഗത്തിലാക്കും. ഇത് സംബന്ധിച്ച കേസ് നിലവില് ഹൈക്കോടതിയുടെ പരിഗണനയിലാണുള്ളത്. കോടതി കേസ് അതിവേഗം തീര്പ്പാക്കിക്കൊണ്ട് തൊഴിലാളികള്ക്ക് എത്രയും പെട്ടെന്ന് സാമ്പത്തിക സഹായം ഉറപ്പാക്കാനുള്ള തീവ്ര ശ്രമങ്ങളാണ് സര്ക്കാര് നടത്തിവരുന്നതെന്നും എം. വിന്സെന്റ്, സി.ആര് മനോജ് എന്നിവരുടെ ചോദ്യങ്ങള്ക്ക് മറുപടിയായി മന്ത്രി വിശദീകരിച്ചു.















Leave a Reply