Advertisement

തിരുവനന്തപുരം വിമാനത്താവളത്തിൽ അന്താരാഷ്ട്ര ടെർമിനൽ വികസനത്തിന് നാളെ തറക്കല്ലിടും

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ വികസനം അടുത്ത ഘട്ടത്തിലേക്ക്. ‘പ്രോജക്ട് അനന്ത’യുടെ ഭാഗമായി നടപ്പാക്കുന്ന 2500 കോടി ചെലവിലുള്ള അന്താരാഷ്ട്ര ടെർമിനൽ വികസന പദ്ധതിക്ക് നാളെ തറക്കല്ലിടും. ഏകദേശം 92,552 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. ഇതോടെ അന്താരാഷ്ട്ര ടെർമിനലിന്‍റെ വാർഷിക യാത്രാശേഷി നിലവിലെ 35 ലക്ഷത്തിൽ നിന്ന് 1.15 കോടിയായി ഉയരും. ആധുനിക ചെക്ക്-ഇൻ സൗകര്യങ്ങൾ, വിപുലീകരിച്ച ഇമിഗ്രേഷൻ കൗണ്ടറുകൾ, പുതിയ ബാഗേജ് ഹാൻഡ്‌ലിംഗ് സംവിധാനങ്ങൾ, വിശാലമായ റീട്ടെയിൽ-ഡ്യൂട്ടി ഫ്രീ ഷോപ്പിംഗ് സൗകര്യങ്ങൾ എന്നിവയാണ് പുതിയ ടെർമിനലിന്‍റെ പ്രധാന ആകർഷണങ്ങൾ.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ പ്രവർത്തനങ്ങളിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായിട്ടുള്ളതെന്ന് അധികൃതർ പറഞ്ഞു. പ്രതിദിന വിമാന സർവീസുകളുടെ എണ്ണം 45ൽ നിന്ന് 90 ആയി. പ്രതിദിന യാത്രക്കാരുടെ എണ്ണം വർധിച്ചു. 2025–26 സാമ്പത്തിക വർഷത്തിൽ മാത്രം 47 ലക്ഷം യാത്രക്കാരെയും 31,366 വിമാന നീക്കങ്ങളെയും വിമാനത്താവളം കൈകാര്യം ചെയ്തു. സേവനം നടത്തുന്ന വിമാന കമ്പനികളുടെ എണ്ണം 11ൽ നിന്ന് 17 ആയി. ഡിജിയാത്ര, ഇ-ഗേറ്റുകൾ, ഫാസ്റ്റ്-ട്രാക്ക് ഇമിഗ്രേഷൻ, ആധുനിക ചെക്ക്-ഇൻ സംവിധാനങ്ങൾ, ഉഡാൻ കഫെ എന്നിവയിലൂടെ യാത്രാനുഭവം കൂടുതൽ വേഗതയേറിയതും സുഗമവുമാക്കിയെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.

യാത്രക്കാർക്ക് നൽകുന്ന മികച്ച സേവനത്തിന് അന്താരാഷ്ട്ര തലത്തിലുള്ള അംഗീകാരങ്ങൾ വിമാനത്താവളത്തെ തേടിയെത്തി. സുരക്ഷാ രംഗത്ത് നൂതന ക്രാഷ് ഫയർ ടെൻഡറുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ സജ്ജമാക്കി അടിയന്തര പ്രതികരണ ശേഷി വർധിപ്പിച്ചു. മികച്ച മാലിന്യസംസ്‌കരണ പ്രവർത്തനങ്ങളിലൂടെ ‘സീറോ വേസ്റ്റ് ടു ലാൻഡ്‌ഫിൽ’ സർട്ടിഫിക്കേഷൻ നേടിയ ഇന്ത്യയിലെ ആദ്യ വിമാനത്താവളം എന്ന പെരുമയും തിരുവനന്തപുരം സ്വന്തമാക്കി. ഏകദേശം 8,700 കോടി നിക്ഷേപം ലക്ഷ്യമിടുന്ന ‘പ്രോജക്ട് അനന്ത’യുടെ ഭാഗമായുള്ള ഈ വികസന പ്രവർത്തനം, തിരുവനന്തപുരം വിമാനത്താവളത്തെ ഭാവിയിലെ വളർച്ചയ്ക്ക് സജ്ജമായ ലോകോത്തര യാത്രാ കേന്ദ്രമാക്കി മാറ്റുന്നതിൽ നിർണായക പങ്കുവഹിക്കുമെന്ന് അധികൃതർ വിലയിരുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!