വിദ്യാർത്ഥികളിലൂടെ കാർഷിക നവോത്ഥാനത്തിന് തുടക്കം കുറിക്കും: കൃഷി മന്ത്രി ടി. സിദ്ദിഖ്
കൃഷിയാണ് ലഹരി, സിന്തറ്റിക് ലഹരിയല്ല; തിരുവനന്തപുരം: കേരളത്തിന്റെ പരമ്പരാഗത കാർഷിക വിജ്ഞാനവും ആധുനിക ശാസ്ത്രീയ കൃഷിരീതികളും സമന്വയിപ്പിച്ച് കാർഷിക മേഖലയെ കൂടുതൽ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് പറഞ്ഞു. തിരുവാതിര ഞാറ്റുവേലയുടെ ഭാഗമായി കല്ലിയൂരിൽ സംഘടിപ്പിച്ച “കർഷക സഭയും ഞാറ്റുവേല ചന്തയും” പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.


എല്ലാ സ്കൂളുകളിലും “കതിർ കാർഷിക ക്ലബ്ബുകൾ” രൂപീകരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി മന്ത്രി അറിയിച്ചു. വിദ്യാർത്ഥികളിൽ കാർഷിക സംസ്കാരവും പ്രകൃതിയോടുള്ള അടുപ്പവും വളർത്തുന്നതിനൊപ്പം ലഹരിവിരുദ്ധ ബോധവൽക്കരണത്തിനും ഈ ക്ലബ്ബുകൾ സഹായകരമാകുമെന്ന് അദ്ദേഹം പറഞ്ഞു. “കൃഷിയാണ് ലഹരി, സിന്തറ്റിക് ലഹരിയല്ല” എന്ന സന്ദേശം വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്നതിനുള്ള ശക്തമായ ഇടപെടലായാണ് കതിർ ക്ലബ്ബുകളെ കൃഷി വകുപ്പ് കാണുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തിന്റെ കാർഷിക സംസ്കാരം മണ്ണിനോടും കാലാവസ്ഥയോടും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നതാണെന്നും അതിന്റെ പ്രതീകമാണ് ഞാറ്റുവേലകളെന്നും മന്ത്രി പറഞ്ഞു. ഞാറ്റുവേലകളിൽ ഏറ്റവും പ്രധാനപ്പെട്ട തിരുവാതിര ഞാറ്റുവേല കുരുമുളക്, വാഴ, തെങ്ങ്, അടയ്ക്ക, കൊക്കോ, ജാതി, ഫലവർഗങ്ങൾ, ഔഷധസസ്യങ്ങൾ തുടങ്ങി വിവിധ വിളകളുടെ നടീൽ പ്രവർത്തനങ്ങൾക്ക് ഏറ്റവും അനുയോജ്യമായ സമയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കാലാവസ്ഥാ വ്യതിയാനം കാർഷിക മേഖലയെ ഏറ്റവും കൂടുതൽ ബാധിക്കുന്ന വെല്ലുവിളിയായി മാറിയിരിക്കുന്ന സാഹചര്യത്തിൽ അതിനെ അതിജീവിക്കുന്നതിന് ആവശ്യമായ പദ്ധതികളും സാങ്കേതികവിദ്യകളും പ്രാവർത്തികമാക്കുന്നതിന് കൃഷി വകുപ്പ് പ്രത്യേക ശ്രദ്ധ നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കാർഷിക മേഖലയെ സംരക്ഷിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കുന്നതിനുമുള്ള വിവിധ പദ്ധതികൾ സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിഷരഹിതവും സുരക്ഷിതവുമായ ഭക്ഷണം ഉറപ്പാക്കാൻ ഓരോ കുടുംബവും ലഭ്യമായ സ്ഥലങ്ങളിൽ കൃഷി ചെയ്യേണ്ടത് അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. ഒരു സെന്റ് ഭൂമിയെങ്കിലും ഫലപ്രദമായി വിനിയോഗിച്ച് പച്ചക്കറി ഉൾപ്പെടെയുള്ള കാർഷിക വിളകൾ കൃഷി ചെയ്യുന്നത് ജീവിതശൈലി രോഗങ്ങളിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിന് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർത്ഥികളിൽ നിന്ന് ആരംഭിക്കുന്ന കാർഷിക പുനരുജ്ജീവന പ്രവർത്തനങ്ങൾ കുടുംബശ്രീ, റസിഡന്റ്സ് അസോസിയേഷനുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ, വ്യാപാര സമൂഹം തുടങ്ങി സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. കേരളത്തിലെ ജനങ്ങളെ വീണ്ടും കൃഷിയിലേക്ക് അടുപ്പിക്കുന്നതിനുള്ള ജനകീയ മുന്നേറ്റമാണ് കൃഷി വകുപ്പ് വിഭാവനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

2026-നെ ഐക്യരാഷ്ട്രസഭ വനിതാ കർഷകരുടെ വർഷമായി ആചരിക്കുന്ന സാഹചര്യത്തിൽ വനിതാ കർഷകരെ ശാക്തീകരിക്കുന്നതിനും കൂടുതൽ വനിതകളെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുന്നതിനുമായി അഞ്ച് വർഷം നീണ്ടുനിൽക്കുന്ന സമഗ്ര പദ്ധതി സംസ്ഥാന സർക്കാർ നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു. വനിതാ കർഷകരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്ന പദ്ധതികൾക്ക് ബജറ്റിൽ പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കർഷക സഭയും ഞാറ്റുവേല ചന്തയും കാർഷിക വിജ്ഞാനം, ജൈവവിത്തുകൾ, സാംസ്കാരിക പരിപാടികൾ, കാർഷിക ഉൽപ്പന്ന പ്രദർശനം എന്നിവയിലൂടെ കർഷകരുടെ വലിയ ജനകീയ കൂട്ടായ്മയായി മാറണമെന്നും കല്ലിയൂരിൽ നിന്ന് ആരംഭിച്ച ഈ സംരംഭം സംസ്ഥാനമാകെ വ്യാപിപ്പിക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
കോവളം നിയോജകമണ്ഡലം എം.എൽ.എ. എം. വിൻസെന്റ് അധ്യക്ഷത വഹിച്ചു. കല്ലിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കാക്കാമൂല ബിജു സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ഷൺമുഖം, കൃഷി വകുപ്പ് ഡയറക്ടർ ഡോ. ശ്രീറാം വെങ്കിട്ടരാമൻ ഐ.എ.എസ്., കൃഷി അഡീഷണൽ ഡയറക്ടർ സപ്ന എസ്., തിരുവനന്തപുരം ജില്ലാ കൃഷി ഓഫീസർ ദീപ വി., വെള്ളായണി കാർഷിക കോളേജ് ഡീൻ ഡോ. ജേക്കബ് ജോർജ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ സുഭാഷ് എസ്.എസ്., വിവിധ തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികൾ, ഉദ്യോഗസ്ഥർ, കർഷകർ, വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പരിപാടിയുടെ ഭാഗമായി തിരുവാതിര ഞാറ്റുവേലയുടെ പ്രാധാന്യം ഉയർത്തിക്കാട്ടി നേമം ഗവൺമെന്റ് യു.പി. സ്കൂളിലെ വിദ്യാർത്ഥികളോടൊപ്പം ഉപ്പന്നൂർ പാടശേഖരത്തിൽ മന്ത്രി ഞാറുനടൽ നിർവഹിച്ചു. “ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം” പദ്ധതിയുടെ ഭാഗമായി പച്ചക്കറി തൈകളും മന്ത്രി അഡ്വ. ടി. സിദ്ദിഖും എം. വിൻസെന്റ് എം.എൽ.എയും ചേർന്ന് നട്ടു.
അമ്പൂരിയിൽ നിന്നെത്തിച്ച പരമ്പരാഗത നടീൽ വസ്തുക്കൾ മന്ത്രി ഏറ്റുവാങ്ങി. ഇവ കല്ലിയൂർ കൃഷിഭവൻ പരിധിയിൽ നട്ടുപിടിപ്പിച്ച് സംരക്ഷിക്കുന്നതിനുള്ള പദ്ധതിയും നടപ്പിലാക്കും.

കലാ-സാംസ്കാരിക പരിപാടികൾ, ജൈവവിത്തുകളുടെ പ്രദർശനം, കാർഷിക ഉൽപ്പന്നങ്ങളുടെ വിപണനം എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന പരിപാടികളാൽ ചടങ്ങ് വർണാഭമായി.
ആത്മ പ്രോജക്ട് ഡയറക്ടർ ഷക്കീല പി. നന്ദി രേഖപ്പെടുത്തി.

