കർണാടക സിവിൽ സപ്ലൈസ് കോർപ്പറേഷൻ സംഘം സപ്ലൈകോ സന്ദർശിച്ചു
1 min read

കർണാടക സിവിൽ സപ്ലൈസ് കോർപ്പറേഷൻ സംഘം സപ്ലൈകോ സന്ദർശിച്ചു

സപ്ലൈകോ മാനേജിങ് ഡയറക്ടർ ജയകൃഷ്ണൻ വി എം, കർണാടക ഫുഡ് ആൻഡ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ എം ജഗദീഷിന് ഉപഹാരം കൈമാറുന്നു




സപ്ലൈകോയുമായുള്ള  സഹകരണ സാധ്യതകൾ പരിശോധിക്കുന്നതിനും സപ്ലൈകോയുടെ വിതരണ സംവിധാനത്തിലൂടെ പോഷകസുരക്ഷ ശക്തിപ്പെടുത്തുന്നതിനുമായി കർണാടക ഫുഡ് ആൻഡ് സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ (KFCSC) ഉന്നതതല സംഘം സപ്ലൈകോ സന്ദർശിച്ചു. കർണാടക ഫുഡ് ആൻഡ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ജഗദീഷ് എം.യുടെ നേതൃത്വത്തിലുള്ള സംഘത്തിൽ ജില്ലാ മാനേജർ (പ്രൊക്യുർമെന്റ്) വിജയകുമാറും ഉൾപ്പെട്ടിരുന്നു.

സപ്ലൈകോയുടെ സംഭരണ, വെയർഹൗസിംഗ് സംവിധാനങ്ങൾ, ചരക്ക് കൈകാര്യം ചെയ്യലും വിതരണ രീതികളും, ഗതാഗത-ലോജിസ്റ്റിക്‌സ് മാനേജ്മെന്റ്, വിതരണ ശൃംഖല പ്രവർത്തനങ്ങൾ, വിപണി ഇടപെടൽ പദ്ധതികൾ തുടങ്ങിയ വിവിധ മേഖലകളെക്കുറിച്ച് സംഘം വിശദമായി പഠനം നടത്തി. സപ്ലൈകോ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകളിൽ സംവിധാനത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും പോഷകസുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള വിവിധ വിഷയങ്ങൾ വിലയിരുത്തി.
സപ്ലൈകോയുടെ നിലവിലുള്ള വിതരണ സംവിധാനത്തിലൂടെ പോഷകസമ്പുഷ്ടമായ ചെറുധാന്യങ്ങളായ റാഗി, ചോളം (ജോവർ) എന്നിവ വിതരണം ചെയ്യുന്നതിനുള്ള സാധ്യതകൾ ചർച്ചയായി.
പൊതുവിതരണ സംവിധാനത്തിൽ ഫോർട്ടിഫൈഡ് റൈസ് കേർണലുകളുടെ (FRK) വിതരണം അടുത്തിടെ അവസാനിപ്പിച്ച സാഹചര്യത്തിൽ, ഭക്ഷ്യസുരക്ഷാ പദ്ധതികളുടെ പോഷക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ദീർഘകാലാടിസ്ഥാനത്തിലുള്ള ബദൽ മാർഗങ്ങൾ കണ്ടെത്തേണ്ടതിന്റെ ആവശ്യകത ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഉയർന്ന പോഷകമൂല്യമുള്ള റാഗി, ചോളം തുടങ്ങിയ ചെറുധാന്യങ്ങൾ ഗുണഭോക്താക്കളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത്  അനുയോജ്യമായ ബദലായി പരിഗണിക്കപ്പെടുന്നുവെന്ന് ചർച്ചയിൽ കർണാടക ഫുഡ് ആൻഡ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ജഗദീഷ് എം പറഞ്ഞു.
സപ്ലൈകോ മാനേജിംഗ് ഡയറക്ടർ ജയകൃഷ്ണൻ വി.എം. സംഘത്തെ സ്വീകരിച്ചു. സപ്ലൈകോ അഡിഷണൽ ജനറൽ മാനേജർ ദീപു എം ആർ, മാനേജർമാരായ ഷീന സെബാസ്റ്റ്യൻ, മനോജ് കുമാർ എം ആർ, അമ്പിളി കെ  എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!