ലണ്ടനിലേക്ക് പോയ എയറിന്ത്യ വിമാനം ഇറാന്‍ വ്യോമാതിര്‍ത്തി ഒഴിവാക്കി പറന്നു
1 min read

ലണ്ടനിലേക്ക് പോയ എയറിന്ത്യ വിമാനം ഇറാന്‍ വ്യോമാതിര്‍ത്തി ഒഴിവാക്കി പറന്നു

ഇരുപത്തിനാല് മണിക്കൂറിനകം ഇസ്രായേലിനെ ആക്രമിക്കുമെന്ന ഇറാന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ലണ്ടനിലേക്ക് പറന്ന എയറിന്ത്യ വിമാനം ഇറാന്റെ വ്യോമാതിര്‍ത്തി ഒഴിവാക്കി ചുറ്റിപ്പറന്നതായി റിപ്പോര്‍ട്ട്. വിമാനങ്ങളുടെ റൂട്ടുകള്‍ അടയാളപ്പെടുത്തുന്ന ഫ്ലൈറ്റ് റഡാര്‍ 24 ആണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. എയറിന്ത്യ വിമാനം ഏത് വഴിയാണ് പറന്നതെന്ന മാപ്പും പങ്കുവെച്ചു . യൂറോപ്പിലേക്കുള്ള എയർ ഇന്ത്യ വിമാനങ്ങള്‍ ഇപ്പോള്‍ ഇറാന്റെ വ്യോമാതിർത്തി ഒഴിവാക്കി പറക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

യുദ്ധഭീഷണിയുടെ പശ്ചാത്തലത്തില്‍ ലണ്ടനിലേയ്‌ക്ക് പോവുകയായിരുന്ന എയർ ഇന്ത്യ വിമാനമാണ് ആദ്യമായി ഇറാൻ വ്യോമാതിർത്തി ഒഴിവാക്കി പറന്നത്. എയറിന്ത്യ വിമാനം കൂടുതല്‍ ദൂരം സ‌ഞ്ചരിച്ചതായി റിപ്പോർട്ടുകള്‍ പറയുന്നു. യൂറോപ്പിലേക്കുള്ള വിമാനങ്ങള്‍ ലക്ഷ്യസ്ഥാനത്ത് എത്താൻ 45 മിനിറ്റ് വരെ അധികം പറന്നതായാണ് വിവരം. എന്നാല്‍ ഗള്‍ഫിലേക്കുള്ള എയർ ഇന്ത്യ വിമാനങ്ങളെ ഇത് ബാധിക്കില്ല.ഏപ്രില്‍ ഒന്നിന് ദമാസ്‌കസിലെ ഇറാൻ കോണ്‍സുലേറ്റിന് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ട് ജനറല്‍മാർ ഉള്‍പ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പ്രതികാര നടപടിയുണ്ടാകുമെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം ഇറാനിലേക്കും ഇസ്രായിലേക്കമുള്ള യാത്രയ്‌ക്ക് ഇന്ത്യക്കാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വിലക്കേർപ്പെടുത്തിയിരുന്നു. കൂടാതെ ഇരുരാജ്യങ്ങളിലുമുള്ള ഇന്ത്യൻ പൗരൻമാർ ഉടൻ തന്നെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണമെന്നും പേരുവിവരങ്ങള്‍ രജിസ്റ്റർ ചെയ്യണമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!