വർക്കല: ഇടവയിൽ പാൽ വാങ്ങാൻ റോഡരികിലൂടെ നടന്നുപോയ വയോധികയെ കാറിടിച്ചുതെറിപ്പിച്ചതായി പരാതി. ഇടവ ശ്രീയേറ്റ് എ.കെ.ജി. നഗർ വിളയിൽ വീട്ടിൽ സബുന്നിസ (76)യ്ക്കാണ് അപകടത്തിൽ പരിക്കേറ്റത്.

എ.കെ.ജി. നഗറിൽ വീടിന് സമീപമായിരുന്നു അപകടം. അടുത്തുള്ള വീട്ടിൽനിന്ന് പാൽ വാങ്ങുന്നതിനായി നടന്നുപോകുകയായിരുന്ന സബുന്നിസയെ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിനുശേഷം വാഹനം നിർത്താതെ കടന്നുകളഞ്ഞു.

ഇടിയുടെ ആഘാതത്തിൽ പരിക്കേറ്റ് ബോധരഹിതയായി റോഡിൽ കിടന്ന സബുന്നിസയെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. തലയ്ക്ക് പരിക്കേറ്റെങ്കിലും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

അപകടത്തിനുശേഷം നിർത്താതെ പോയ കാർ സമീപത്തെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് കണ്ടെത്തിയത്. അയിരൂർ പൊലീസ് കാർ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.














Leave a Reply