Advertisement

വർക്കലയിൽ വീട് കുത്തിത്തുറന്ന് പത്ത് പവൻ സ്വർണം കവർന്നു; പ്രതി പിടിയിൽ

ഒമ്പതേമുക്കാൽ പവൻ സ്വർണവും 1.53 ലക്ഷം രൂപയും കണ്ടെടുത്തു

വർക്കല: കുരയ്ക്കണ്ണിയിൽ വീട് കുത്തിത്തുറന്ന് പത്ത് പവൻ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ കൊല്ലം കരിക്കോട് സ്വദേശി മുഹമ്മദ് ഷെരീഫിനെ (50) വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയിൽ നിന്ന് ഒമ്പതേമുക്കാൽ പവൻ സ്വർണവും 1,53,000 രൂപയും പൊലീസ് കണ്ടെടുത്തു.

കഴിഞ്ഞ സെപ്റ്റംബർ 23നായിരുന്നു കേസിനാസ്പദമായ സംഭവം. കുരയ്ക്കണ്ണി ഷൈലാ മൻസിലിൽ അജ്മലിന്റെ വീടിന്റെ പിൻവശത്തെ വാതിൽ കുത്തിത്തുറന്നാണ് പ്രതി സ്വർണാഭരണങ്ങൾ മോഷ്ടിച്ചത്.

മോഷണത്തിന് പിന്നാലെ സ്വർണവുമായി കോയമ്പത്തൂരിലെത്തിയ പ്രതി ഒരു ഭാഗം അവിടെ വിൽക്കുകയും ബാക്കി എറണാകുളത്തെ ധനകാര്യ സ്ഥാപനത്തിൽ പണയം വയ്ക്കുകയും ചെയ്തു. ഒരു മോതിരം തിരുവനന്തപുരത്തെ ജ്വല്ലറിയിലും വിറ്റതായി പൊലീസ് പറഞ്ഞു.

മോഷണത്തിലൂടെ ലഭിച്ച പണവുമായി എറണാകുളം, തിരുവനന്തപുരം, നെയ്യാറ്റിൻകര, തമിഴ്നാട്ടിലെ വിവിധ പ്രദേശങ്ങൾ, ചെന്നൈ എന്നിവിടങ്ങളിൽ സഞ്ചരിച്ച് ആഡംബര ജീവിതം നയിക്കുകയായിരുന്നു പ്രതിയെന്ന് പൊലീസ് അറിയിച്ചു. പണത്തിന്റെ ഒരു ഭാഗം വീട്ടുകാർക്കും സുഹൃത്തുക്കൾക്കും അയച്ചുനൽകിയതായും അന്വേഷണത്തിൽ കണ്ടെത്തി.

മോഷണം നടന്ന പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങളിൽ പ്രതി താടിയും മുടിയും നീട്ടിവളർത്തിയ നിലയിലായിരുന്നു. എന്നാൽ പൊലീസിന്റെ പിടിയിലാകാതിരിക്കാൻ താടിയും മുടിയും വെട്ടി ഡൈ ചെയ്ത് രൂപമാറ്റം വരുത്തിയാണ് ഇയാൾ വിവിധ സ്ഥലങ്ങളിൽ സഞ്ചരിച്ചിരുന്നത്.

അന്വേഷണസംഘം എറണാകുളത്തെത്തിയ വിവരം അറിഞ്ഞതോടെ പ്രതി ചെന്നൈയിലേക്ക് കടന്നു. പിന്നീട് കേരളത്തിലേക്ക് മടങ്ങിയെത്തി കളിയക്കാവിള, പാറശ്ശാല മേഖലകളിൽ സഞ്ചരിക്കുന്നതിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ പൊലീസിന്റെ പിടിയിലാകുകയായിരുന്നു.

മുഹമ്മദ് ഷെരീഫ് മുൻപും നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ മൂന്ന് കേസുകളും എറണാകുളം, കോട്ടയം, കൊല്ലം ആർ.പി.എഫ്. സ്റ്റേഷനുകളിലായി മൂന്ന് കേസുകളും ഉൾപ്പെടെ ആറോളം കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്.

പ്രതിയിൽ നിന്ന് കണ്ടെടുത്ത സ്വർണവും 1.53 ലക്ഷം രൂപയും പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിനുശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

സിഐ രാജേഷ്, എസ്‌ഐ ആഷിൽ രവി, ജിഎസ്ഐ നജീബ്, സിപിഒമാരായ രാജേഷ്, നിതിൻ ലൂക്കോസ്, വിനോദ്, ശ്രീകുമാർ, ചന്ദ്രകാന്ത്, പ്രശാന്ത് എന്നിവർ ഉൾപ്പെട്ട പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!